ശ്രീനഗർ|
jibin|
Last Modified ബുധന്‍, 31 ജനുവരി 2018 (20:16 IST)
ജമ്മുകശ്മീരില്‍ മൂന്നു സാധാരണക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ സൈന്യത്തിനെതിരെ പൊലീസ് എടുത്ത എഫ്ഐആറിനെ പ്രതിരോധിക്കാന്‍ സൈന്യം എതിർ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു.
കരസേനയുടെ ഗഡ്വാൾ യൂണിറ്റ് മേജർ ഉൾപ്പെടെയുള്ളവർക്കെതിരേ കശ്മീര്‍ പൊലീസ് ഞായറാഴ്ച എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇത് മറികടക്കാനാണ് സൈന്യം പുതിയ നീക്കം നടത്തിയത്.
സൈനികവ്യൂഹത്തെ ആക്രമിച്ച് സൈനികരുടെ ജീവൻ അപകടത്തിലാക്കിയെന്നും സർക്കാർ വസ്തുക്കൾ നശിപ്പിച്ചെന്നും സൈന്യത്തിന്റെ എഫ്ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. ജനക്കൂട്ടം നടത്തിയ രൂക്ഷമായ കല്ലേറു പ്രതിരോധിക്കാനാണു വെടിവച്ചതെന്നും സൈന്യം വിശദീകരിക്കുന്നു.
അതേസമയം, ആരാണ് ആക്രമണം നടത്തിയതെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. ആരാണ് കല്ലെറിഞ്ഞതെന്ന് പൊലീസാണ് കണ്ടെത്തേണ്ടതെന്നാണ് സൈന്യത്തിന്റെ നിലപാട്.
കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ പ്രതിഷേധക്കാര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് സൈന്യം നടത്തിയ വെടിവെയ്പിലാണ് കഴിഞ്ഞയാഴ്ച രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ജാവേദ് അഹമ്മദ് ഭട്ട്, സുഹൈല്‍ ജാവിദ് ലോണ്‍ എന്നിവരാണ് മരിച്ചത്. ഇതേതുടര്‍ന്നാണ് പൊലീസ് സൈനിക ഉദ്യോഗസ്ഥനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
സൈനികോദ്യോഗസ്ഥനെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടിയില്‍ കശ്മീര്‍ രാഷ്ട്രീയം പ്രക്ഷുബ്ദമായിരുന്നു. പ്രതിരോധമന്ത്രി നിർമല സീതാരാമനുമായി കൂടിയാലോചിച്ചശേഷമാണു തന്റെ സർക്കാർ നടപടിയെടുത്തതെന്നു മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി നിയമസഭയിൽ വിശദീകരിച്ചിരുന്നു.