അമേരിക്ക വിസ നല്‍കിയില്ല, ലോക യൂത്ത് ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യ ടീമിനെ പിന്‍വലിച്ചു

കൊല്‍ക്കത്ത| VISHNU N L| Last Updated: ശനി, 6 ജൂണ്‍ 2015 (17:30 IST)
ലോക യൂത്ത് ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യ ടീമിനെ പിന്‍വലിച്ചു. കളിക്കാര്‍ക്ക് അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇന്ത്യ ടീമിനെ പിന്‍‌വലിച്ചത്. ജൂണ്‍ എട്ട് മുതല്‍ 14 വരെ തെക്കന്‍ ഡകോട്ടയിലെ യാങ്ടണിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. കളിക്കാര്‍ ശനിയാഴ്ച യാത്ര പുറപ്പെടാന്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് കളിക്കാര്‍ക്ക് അമേരിക്ക വിസ നിഷേധിച്ചത്.

31 അംഗ ടീമിലെ 21 താരങ്ങള്‍ക്കാണ് വിസ നിഷേധിക്കപ്പെട്ടത്. കളിക്കാര്‍ക്ക് പുറമെ ഇന്ത്യയുടെ ദക്ഷിണ കൊറിയന്‍ പരിശീലകനായ ചെയ് വോഫ് ലിമിനും വിസ നിഷേധിക്കപ്പെട്ടിട്ടുണ്ട്. മിം ബഹാദുര്‍ ഗുരുങ്, ചന്ദ്രശേഖര്‍ ലഗുരി, രാം അവ്‌ദേശ്, പിങ്കി എന്നിവരാണ് വിസ നിഷേധിക്കപ്പെട്ട ഒഫിഷ്യലുകള്‍. ചാമ്പ്യന്‍ഷിപ്പ് സമാപിച്ചശേഷം ഇന്ത്യയിലേയ്ക്ക് മടങ്ങുമെന്ന് കളിക്കാന്‍ ഉറപ്പു നല്‍കാത്തതാണ് വിസ നിഷേധിക്കാന്‍ കാരണമെന്നാണ് യു.എസ്. എംബസിയുടെ വിശദീകരണം.

അതേസമയം പ്രതിഷേധം എന്ന നിലയിലാണ് ടീമിനെ പിന്‍വലിക്കുമെന്ന് ആര്‍ച്ചറി അസോസിയേഷന്‍ ഓഫ് ഇന്ത്യ ട്രഷറര്‍ വീരേന്ദര്‍ സച്‌ദേവ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയുണ്ടായിട്ടും വിസ ലഭിക്കാതിരുന്നത് ആശ്ചര്യകരമാണ്. കളിക്കാര്‍ ഇന്ത്യയിലേയ്ക്ക് മടങ്ങുമോ എന്നതു സംബന്ധിച്ച് യു.എസ്. എംബസി അധികൃതര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് ഇന്ത്യന്‍ ടീം അധികൃതര്‍ മറുപടി നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :