Last Modified വെള്ളി, 11 ജനുവരി 2019 (16:30 IST)
സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും
അലോക് വർമ രാജി വെച്ചു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ അലോക് വര്‍മയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതധികാര നിയമനസമിതി വീണ്ടും പുറത്താക്കിയിരുന്നു.
സിബിഐ ജോയിന്റ് ഡയറക്ടര്‍ എം നാഗേശ്വര റാവുവിന് വീണ്ടും ഡയറക്ടറുടെ ചുമതല നൽകുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ തെറ്റായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ നടപടിയെടുത്തിരിക്കുന്നതെന്നും ആയതിനാൽ തൽസ്ഥാനത്ത് നിന്നും രാജി വെയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ പ്രതിനിധി ജസ്റ്റിസ് എ കെ സിക്രി, ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഗാര്‍ഗെ എന്നിവരുള്‍പ്പെട്ട കമ്മറ്റിയാണ് അലോക് വർമയെ വീണ്ടും പുറത്താക്കിക്കൊണ്ട് തീരുമാനമെടുത്തത്.
കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ട് സമിതിക്ക് മുന്നില്‍ വച്ചിരുന്നു. ഇതിനുമേല്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനത്തിലെത്തിയത്.