കനൽ ഒരു തരിയാക്കി കേരളം, പിണറായിയുടെ ഈ 7 തെറ്റുകൾ ശാപമായി !

Last Modified ശനി, 15 ജൂണ്‍ 2019 (12:46 IST)
1977ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ കേരളം സിപിഎമ്മിനെ ക്ലീന്‍ ബൗള്‍ഡാക്കി. 20ല്‍ 20 സീറ്റുകളും കോണ്‍ഗ്രസ് തൂത്തുവാരിക്കൊണ്ട് പോയി. ഇതേ ചരിത്രം 2019ലും ആവർത്തിച്ചില്ല എന്നേ ഉള്ളു. പക്ഷേ, അരിക്‌ വരെ എത്തി.

ആരിഫിനൊപ്പം ആലപ്പുഴ നിന്നപ്പോള്‍ സിപിഎമ്മിന് കിട്ടിയത് ഒരു സീറ്റ്. ‘കനലൊരു തരി മതി’യെന്ന കമ്മ്യൂണിസ്റ്റ് കാരുടെ പറച്ചിൽ ഒടുവിൽ കാര്യമായി. റിസൾട്ട് വന്നപ്പോൾ ഒരു തരി മാത്രമായി ചുരുങ്ങി. പാര്‍ട്ടിയും മുന്നണിയും തോല്‍വിയുടെ കാരണങ്ങള്‍ ഇപ്പോഴും കണക്ക് കൂട്ടിയും കുറച്ചുമിരിക്കുകയാണ്. പിഴച്ചതെവിടെയെന്ന് അതിഗാഢമായി അവർ ആലോചിക്കുകയാണ്.

അതേസമയം, തോൽ‌വിക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്ത് കൂട്ടിയ ആ ഏഴ് 'തെറ്റുകൾ' ആണെന്നാണ് ഇന്ത്യ ടുഡെയുടെ കണ്ടെത്തല്‍. ഇന്ത്യ ടുഡേ കണ്ടെത്തിയ ആ 7 തെറ്റുകൾ ഇങ്ങനെ:

1. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സർക്കാർ നിലപാട് തിരിച്ചടിക്കുമെന്നത് മുൻ‌കൂട്ടി കണ്ടില്ല. ഇതോടെ സിപിഎം വോട്ട് ബാങ്കായ ഈഴവര്‍ അടക്കം ബിജെപിയിലേക്കോ കോണ്‍ഗ്രസിലേക്കോ പക്ഷം മാറി.

2. രാഷ്ട്രീയ കൊലപാതകങ്ങളോട് കടുത്ത സ്വരത്തിൽ നോ പറയാൻ മുഖ്യമന്ത്രി മെനക്കെട്ടില്ല. ഇത് സി പി എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി.

3. വയനാട്ടിൽ മത്സരിക്കാനെത്തിയ രാഹുൽ ഗാന്ധിയെ പുച്ഛിച്ച്, വില കുറഞ്ഞ് കണ്ടു. അമേഠിയില്‍ തോല്‍വി ഭയന്ന് വയനാട്ടിലേക്ക് എത്തിയ രാഷ്ട്രീയ അഭയാര്‍ത്ഥിയായാണ് നിരന്തരം രാഹുല്‍ ഗാന്ധിയെ സിപിഎം നേതാക്കള്‍ ചിത്രീകരിച്ചത്. സി പി എം ഉദ്ദേശിച്ച ‘അഭയാർത്ഥി’ സംഭവം ഏറെക്കുറെ സത്യമാണെങ്കിലും കേരളത്തിൽ അത് തിരിച്ചടിയായി.

4. എം എൽ എമാരെ മത്സരപ്പിച്ചത് വലിയ തെറ്റ്. ആലപ്പുഴയില്‍ എഎം ആരിഫ് കഷ്ടിച്ച് ജയിച്ചത് ഒഴിച്ചാല്‍ മറ്റെല്ലാവരും തോറ്റു.

5. വി എസ് അച്യുതാനന്ദനെ പൂർണമായും ഒഴിവാക്കിയത് പിണറായി വിജയനാണ്. സിപിഎമ്മിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ജനപ്രിയരായ നേതാക്കളില്‍ മുന്നിലുളള വിഎസിനെ മൂലയ്ക്ക് ഇരുത്തിയതില്‍ പിണറായി പിഴച്ചുവെന്നാണ് വിലയിരുത്തല്‍.

6. ബിജെപിയെ ഒരു ശത്രുവായിട്ട് പോലും സി പി എം കണ്ടില്ലെന്നത് മറ്റൊരു പിഴ. ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന സാധ്യത മനസ്സിലാക്കിയില്ല എന്നിടത്തുമാണ് പിണറായിക്ക് വീണ്ടും പിഴച്ചത്. 2016ലേത് പോലെ കോൺഗ്രസിന്റെ വോട്ടുകൾ ബിജെപിക്ക് പോകുമെന്നായിരുന്നു പിണറായി കണക്ക് കൂട്ടിയത്. പക്ഷേ, ഫലം വന്നപ്പോൾ പോയത് സ്വന്തം പാർട്ടിയുടെ വോട്ടാണെന്നതാണ് സത്യം.

7. ആഭ്യന്തര വകുപ്പ് വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാൻ സാധിച്ചില്ല. വീഴ്ചയോട് വീഴ്ച, തുടക്കം മുതൽ വീഴ്ച. ആദ്യമെല്ലാം അത് സമ്മതിച്ച് തരുമായിരുന്നെങ്കിലും പിന്നീട് പല കേസുകളിലും ഇത് ആവർത്തിച്ചപ്പോൾ ‘വീഴ്ച പറ്റിയെന്ന’ പതിവ് ഡയലോഗ് പിണറായി നിർത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :