3 മാസം മുമ്പ് ഡോക്‍ടര്‍ ഗര്‍ഭഛിദ്രം നടത്തിയ യുവതി ഇപ്പോള്‍ 6 മാസം ഗര്‍ഭിണി!

Mumbai, Woman, Pregnant, Doctor, Abort, Foetus, മുംബൈ, ഗര്‍ഭഛിദ്രം, ഗര്‍ഭം, യുവതി, ഗര്‍ഭിണി, പ്രസവം, ആശുപത്രി
മുംബൈ| BIJU| Last Modified വെള്ളി, 13 ഒക്‌ടോബര്‍ 2017 (18:02 IST)
മൂന്നുമാസങ്ങള്‍ക്ക് മുമ്പ് ഡോക്ടര്‍ ഗര്‍ഭഛിദ്രം നടത്തിയ യുവതി ഇപ്പോള്‍ ആറുമാസം ഗര്‍ഭിണി. ദീപ കദം എന്ന 26കാരിക്കാണ് ഈ അവസ്ഥ. രണ്ടുകുട്ടികളുടെ മാതാവായ ദീപ ഇക്കഴിഞ്ഞ ഏപ്രിലിലാണ് വീണ്ടും ഗര്‍ഭിണിയായത്.

എന്നാല്‍ സാമ്പത്തിക പരാധീനതകളും മോശം ആരോഗ്യസ്ഥിതിയും മൂലം മൂന്നാമത് കുഞ്ഞ് വേണ്ട എന്ന് ദീപയും കുടുംബവും തീരുമാനിച്ചു. തുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്തുകയും ട്യൂബക്‍ടമി ചെയ്യുകയും ചെയ്തു.

എന്നാല്‍ അബോര്‍ഷന്‍ നടത്തി മൂന്നുമാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍, ദീപ ആറുമാസം ഗര്‍ഭിണിയാണ്. അന്നുചെയ്ത ഗര്‍ഭഛിദ്രം പരാജയപ്പെട്ടതാണ് കാര്യം. എന്തായാലും ഇനി ഈ കുഞ്ഞിനെ പ്രസവിക്കുകയല്ലാതെ ദീപയുടെ മുമ്പില്‍ മറ്റ് മാര്‍ഗങ്ങളില്ല.

മുംബൈ കുര്‍ല നിവാസിയാണ് ദീപ. ജൂണ്‍ 12നാണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ദീപ ഗര്‍ഭഛിദ്രം നടത്തുകയും ട്യൂബക്ടമി ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയും ചെയ്തത്. മൂന്നുമാസം കഴിഞ്ഞപ്പോഴാണ് താന്‍ ഇപ്പോഴും ഗര്‍ഭിണിയാണെന്ന ഞെട്ടിക്കുന്ന സത്യം ദീപ തിരിച്ചറിയുന്നത്.

“ഞാന്‍ ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയാണ്. ഇനിയിത് ഗര്‍ഭഛിദ്രം നടത്താനാവില്ല. എനിക്ക് നടക്കാന്‍ പോലും പറ്റില്ല. ഈ ഗര്‍ഭാവസ്ഥ എന്‍റെ ആരോഗ്യസ്ഥിതി ആകെ തകര്‍ത്തിരിക്കുന്നു. അന്ന് ശസ്ത്രക്രിയകള്‍ക്ക് ശേഷം എനിക്ക് പിരീയഡ് വന്നിരുന്നു. എന്നാല്‍ അതിനുശേഷം രണ്ടുമാസം ആര്‍ത്തവം ഉണ്ടായില്ല. മാത്രമല്ല, വയര്‍ വീര്‍ത്തുവന്നു. ആശുപത്രിയില്‍ പോയി പരിശോധിച്ചപ്പോഴാണ് ഞാന്‍ ഇപ്പോഴും ഗര്‍ഭിണിയാണെന്ന് മനസിലായത്” - ദീപ പറയുന്നു.

ആശുപത്രിയില്‍ എടുത്ത സ്കാന്‍ പ്രകാരം ഇപ്പോള്‍ 21 ആഴ്ച പ്രായമുള്ള ഭ്രൂണമാണ് ദീപയുടെ ഗര്‍ഭപാത്രത്തിലുള്ളത്. 2018 ജനുവരി 18 ആണ് പ്രസവത്തിനുള്ള തീയതി.

ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥയാണ് തന്‍റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് ദീപ ആരോപിക്കുന്നു. അന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് തന്നെ കൂടുതലായും പരിചരിച്ചതെന്നും അവര്‍ തന്‍റെ കാര്യത്തില്‍ തികഞ്ഞ അശ്രദ്ധയാണ് കാട്ടിയതെന്നും ദീപ പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :