2ജി: 17 പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി എന്ന് വിശേഷിക്കപ്പെടുന്ന 2ജി സ്‌പെക്ട്രം കേസില്‍ 17 പ്രതികള്‍ക്കെതിരേ ഡല്‍ഹിയിലെ പ്രത്യേക കോടതി കുറ്റം ചുമത്തി. കേസില്‍ ഒന്നാം പ്രതിയായ മുന്‍ ടെലികോം മന്ത്രി എ രാജയ്‌ക്കെതിരെ വിശ്വാസവഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഐ പി സി 409 (വിശ്വാസവഞ്ചന) പ്രകാരം കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിച്ചേക്കാം.

മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകളും ഡി എം കെ എംപിയുമായ കനിമൊഴിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമാണ് കുറ്റം ചുമത്തിയത്. 14 വ്യക്തികളും മൂന്ന് കമ്പനികളുമാണ് കേസില്‍ പ്രതികള്‍.

രാജ, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹ്ര എന്നിങ്ങനെ ഒമ്പതുപേരെയും മൂന്ന് ടെലികോം കമ്പനികളെയും പ്രതികളാക്കിയാണ് സി ബി ഐ ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ഇത്. രാജയുടെ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ചന്ദോലിയ, സ്വാന്‍ ടെലികോം പ്രമോട്ടര്‍ ഷാഹിദ് ഉസ്മാന്‍ ബല്‍വ, ഡി ബി റിയാല്‍റ്റി ഡയറക്ടര്‍ വിനോദ് ഗോയെങ്ക, റിലയന്‍സ് ടെലികോം കമ്പനി എം ഡി ഗൗതം ദോഷി, സീനിയര്‍ വൈസ് പ്രസിഡന്റുമാരായ സുരേന്ദ്ര പിപാറ, ഹരിനായര്‍, യുണിടെക്കിന്റെ എം ഡി സഞ്ജയ് ചന്ദ്ര എന്നിവരാണ് ആദ്യ കുറ്റപത്രത്തില്‍ പേരുള്ളവര്‍. റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, യുണീടെക് വയര്‍ലെസ്, സ്വാന്‍ ടെലികോം എന്നീ കമ്പനികളുമുണ്ട്.

രണ്ടാമത്തെ കുറ്റപത്രത്തിലാണ് കനിമൊഴിയുടെ പേരുള്ളത്. കലൈഞ്ജര്‍ ടി വി എംഡി ശരത്കുമാര്‍, ഷാഹിദ് ബല്‍വയുടെ ബന്ധുവും കുസേഗാവ് ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍സിന്റെ ഡയറക്ടറുമായ ആസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍, കരീം മൊറാനി എന്നിവരും രണ്ടാമത്തെ കുറ്റപത്രത്തില്‍ പ്രതികളാണ്.

കേസിലെ പ്രതികള്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. സ്‌പെക്ട്രം വിതരണം വഴി പൊതുഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കി എന്നാണ് കേസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :