മുംബൈ|
സജിത്ത്|
Last Modified വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (15:58 IST)
മുംബൈയ്ക്ക് സമീപമുള്ള റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 27 ആയി. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. എൽഫിൻസ്റ്റണ്‍ സ്റ്റേഷനെയും സമീപത്തെ ലോവർ പാരൽ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന നടപ്പു മേൽപ്പാലത്തിലാണ് രാവിലെ 10.45 ഓടെ അപകടം നടന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോളും തുടരുകയാണ്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേ ഉത്തരവിട്ടു. റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ സ്ഥലം സന്ദര്‍ശിക്കുമെന്നാണ് വിവരം. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ഇരുവരും അനുശോചനം അറിയിച്ചത്.
രാവിലെ മുംബൈയിൽ കനത്ത
മഴ പെയ്തിരുന്നു. ഇതോടെ ആളുകൾ കൂട്ടമായി പാലത്തിൽ കയറുകയും തല്‍ഫലമായി തിക്കും തിരക്കുമുണ്ടാകുകയും ചെയ്തു. വളരെ ചെറിയ പാലമായതിനാൽ കൂടുതൽ ആളുകൾ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമായത്.
തിരക്കിനിടെ പലരും നിലത്തു വീഴുകയായിരുന്നു. ചവിട്ടേറ്റായിരുന്നു പലരും മരിച്ചത്. പരിക്കേറ്റവരിൽ പലരുടെയും നില അതീവഗുരുതരമാണെന്നാണ് വിവരം. ഓഫീസ് സമയമായതിനാൽ ആസമയത്ത് സ്റ്റേഷനിൽ നല്ല തിരക്കുണ്ടായിരുന്നു. അതേസമയം, അപകടം ലോക്കൽ ട്രെയിൻ ഗതാഗതത്തെ കാര്യമായി ബാധിച്ചില്ല.