26/11: ഇന്ത്യ കൂടുതല്‍ രേഖകള്‍ നല്‍കി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 19 ജൂണ്‍ 2010 (10:50 IST)
PTI
ജൂണ്‍ 24 ന് നടക്കാനിരിക്കുന്ന ഇന്തോ-പാക് സെക്രട്ടറിതല ചര്‍ച്ചയ്ക്ക് മുന്നോടിയായി മുംബൈ ഭീകരാക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പാകിസ്ഥാനു കൈമാറി. പാകിസ്ഥാന്‍ കൈമാറിയ ആറ് രേഖകള്‍ക്കുള്ള മറുപടിയാണ് നല്‍കിയത്.

വിദേശകാര്യ ജോയിന്റ് സെക്രട്ടറി വൈ കെ സിന്‍‌ഹയാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രതികരണങ്ങള്‍ പാകിസ്ഥാന് കൈമാറിയത്. ഏപ്രില്‍ 25 ന് പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയ രേഖകള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയാണ് ഇന്ത്യ നല്‍കിയത് എന്ന് വിദേശകാര്യ വക്താവ് വിഷ്ണു പ്രകാശ് മാധ്യമങ്ങളെ അറിയിച്ചു.

മുംബൈ ഭീകരാക്രമണ കേസിന്റെ പുരോഗതിയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയ പാകിസ്ഥാന്‍ ആക്രമണ കേസില്‍ പിടിയിലായ പാക് ഭീകരന്‍ അജ്മല്‍ അമിര്‍ കസബിനെയും ഫാഹിം അന്‍‌സാരിയെയും വിട്ടു കിട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഫെബ്രുവരി 25 ന് നടന്ന വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ ഹഫീസ് സയീദ് ഉള്‍പ്പെടെയുള്ള പാകിസ്ഥാന്‍ വംശജര്‍ക്ക് മുംബൈ ഭീകരാക്രമണവുമായുള്ള ബന്ധം വെളിവാക്കുന്ന മൂന്ന് രേഖകള്‍ ഇന്ത്യ കൈമാറിയിരുന്നു. അതിനു മുമ്പ് മുംബൈ ഭീകരാക്രമണത്തില്‍ പാക് പങ്ക് വെളിവാക്കുന്ന ഏഴ് രേഖകളും ഇന്ത്യ പാകിസ്ഥാനു നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :