21 ഭീകരര്‍ക്കെതിരേ കുറ്റപത്രം

മുംബൈ| WEBDUNIA|
രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 21 ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ക്കെതിരേ മുംബൈയിലെ പ്രത്യേക മോക്ക കോടതിയില്‍ മുംബൈ പൊലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി, ബാംഗ്ലൂര്‍, സൂററ്റ് സ്ഫോടങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരാണ് 21 പ്രതികളും.

സംഘടനയുടെ പാക്കിസ്ഥാന്‍ ബന്ധമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമാക്കുന്നതാണു 4000 പേജ്‌ വരുന്ന കുറ്റപത്രം.

മുഹമ്മദ്‌ സാദിഖ്‌ ഷെയ്ഖാണ് സ്ഫോടനങ്ങളുടെ മുഖ്യ ആസൂത്രകനെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കി‍. ഒളിവില്‍ കഴിയുന്ന റിയാസ്‌ ഭട്കല്‍, ഇഖ്ബാല്‍ ഭട്കല്‍ എന്നിവര്‍ക്കും സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്നു കുറ്റപത്രത്തില്‍ പറയുന്നു. ലഷ്‌കറിന്‍റെ പദ്ധതികള്‍ നടപ്പാക്കാന്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്ത്യന്‍ മുജാഹിദീനെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

തനിക്കു പരിശീലനം ലഭിച്ചതു പാക്കിസ്ഥാനില്‍ നിന്നാണെന്നു മുഖ്യആസൂത്രകന്‍ മുഹമ്മദ്‌ സാദിഖ്‌ സമ്മതിച്ചിരുന്നു. പാക്കിസ്ഥാനില്‍ നിന്ന്‌ ഇവര്‍ക്കു പണം ലഭിച്ചിരുന്നുവെന്നതിനും തെളിവുണ്ട്. ഇന്ത്യന്‍ മുജാഹിദീനെതിരേ ആയുധനിയമം ലംഘിച്ചതിനും രാജ്യദ്രോഹത്തിനും കുറ്റവും ചുമത്തിയിട്ടുണ്ട്‌.

മുംബൈ ആക്രമണത്തില്‍ പാക്കിസ്ഥാന്‍റെ പങ്ക്‌ വ്യക്തമായ സാഹചര്യത്തിലാണ് ഇന്ത്യന്‍ മുജാഹിദീന്‍റെ ലഷ്‌കര്‍ ബന്ധത്തെക്കുറിച്ചുള്ള തെളിവുകള്‍ കൂടുതല്‍‍ പ്രസക്തമാവുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :