മുംബൈയില്‍ 2003ല്‍ നടന്ന ഇരട്ട സ്ഫോടനത്തിലെ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് പ്രത്യേക പോട്ട കോടതി തിങ്കളാഴ്ച വിധിച്ചു. സ്ഫോടനത്തില്‍ 52 പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു.
കുറ്റവാളികള്‍ക്കുള്ള ശിക്ഷ ഓഗസ്റ്റ് നാലിന് പ്രത്യേക ജഡ്ജി എം ആര്‍ പുരാണിക് വിധിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഉജ്ജ്വല്‍ നികം അറിയിച്ചു. അഷ്‌റഫ് ഷാഫിഖ് അന്‍സാരി (32), ഹനിഫ് സയ്യിദ് (46), ഹനിഫിന്റെ ഭാര്യ ഫെഹ്മിദ സയ്യിദ് (43) എന്നിവരെ 302, 307, 427, ഐപിസി 120 ബി എന്നീ വകുപ്പുകള്‍ പ്രകാരവും പോട്ട നിയമത്തിന്റെ മൂന്നാം വകുപ്പ് പ്രകാരവുമാണ് കുറ്റക്കാരെന്ന് വിധിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഭാര്യയും ഭര്‍ത്താവും ഇത്തരമൊരു കേസില്‍ ശിക്ഷിക്കപ്പെടുന്നത് എന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വെളിപ്പെടുത്തി.
ഗുജറാത്ത് കലാപത്തില്‍ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടതിലുള്ള പ്രതിഷേധ സൂചകമായിട്ടാണ് 2003 ഓഗസ്റ്റ് 23ന് ഗേറ്റ്‌വേയിലും സവേരി ബസാറിലും സ്ഫോടനങ്ങള്‍ നടത്തിയത്. സ്ഫോടനത്തിന്റെ സൂത്രധാരനായിരുന്ന നസീര്‍ എന്നയാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.