ഒടുവില്‍ ജെ പി സി യെന്ന ആവശ്യത്തിന് മുന്നില്‍ യുപിഎ സര്‍ക്കാരിന് മുട്ടു മടക്കേണ്ടി വന്നു. 2 ജി സ്പെക്ട്രം അഴിമതി അന്വേഷിക്കുന്നതിന് സംയുക്ത പാര്‍ലമെന്ററി സമിതി (ജെ പി സി) രൂപവത്കരിച്ചു കൊണ്ടുള്ള തീരുമാനം ഫെബ്രുവരി 23ന് മുമ്പ് ഉണ്ടാവുമെന്ന് യുപിഎ വ്യക്തമാക്കി. പാര്‍ലമെന്ററി കാര്യ മന്ത്രി പവന് കുമാര്‍ ബന്‍സാലാണ് ഇക്കാര്യം അറിയിച്ചത്.
30 എംപിമാര്‍ അടങ്ങുന്ന സമിതിക്കാണ് രൂപം നല്‍കുക. ഇതില്‍ 20 എം പിമാര്‍ ലോക്സഭയില്‍നിന്നും 10 എം പിമാര്‍ രാജ്യസഭയില്‍ നിന്നുമായിരിക്കും. സ്പെക്ട്രം ഇടപാട് സംബന്ധിച്ച കേസ് മാത്രമായിരിക്കും ജെപിസിയുടെ അന്വേഷണ പരിധിയില്‍ വരിക. ജെ പി സി രൂപീകരിക്കുന്നത് സംബന്ധിച്ച പ്രമേയം അടുത്തയാഴ്ച തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിനിടെ ലോക്സഭയില്‍ അവതരിപ്പിക്കും.
സ്പെക്ട്രം അഴിമതിക്കേസില്‍ ജെ പി സി ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം പ്രതിപക്ഷം പൂര്‍ണമായി തടസ്സപ്പെടുത്തിയിരുന്നു. അതുപോലെ ബജറ്റ് സമ്മേളനവും പ്രതിസന്ധിയിലാവുന്നത് മുന്നില്‍ കണ്ടാണ് ഇപ്പോള്‍ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ നിരന്തരമായ ആവശ്യത്തിന്നൊടുവിലാണിത്. ആദര്‍ശ് ഫ്ലാറ്റ് അഴിമതി, കോമണ്‍വെല്‍ത്ത് അഴിമതി തുടങ്ങിയവയും ജെപിസിയുടെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.