ആണവകരാറിനെ ചൊല്ലി യുപിഎ-ഇടത് കക്ഷികള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ ഡിഎംകെ നേതാവ് കരുണാനിധി മധ്യസ്ഥനാവും.
നിലനില്‍ക്കുന്ന പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും ഞായറാഴ്ച വൈകിട്ട് കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു. കരാറിനെ കുറിച്ചുള്ള ഇടത് കക്ഷികളുടെ നിലപാടിനെ കുറിച്ച് കരുണാനിധിയെ അറിയിച്ചു എന്നും പ്രതിസന്ധി ഒഴിവാക്കാന്‍ കരുണാനിധി ഇടപെടണമെന്നും അഭ്യര്‍ത്ഥിച്ചു എന്നും കാരാട്ട് വ്യക്തമാക്കി.
കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മിലുള്ള ഐക്യം തകരുന്നത് വര്‍ഗീയ ശക്തികള്‍ക്ക് വളരാനുള്ള സാചര്യം ഉണ്ടാക്കുമെന്ന് കരുണാനിധി ഇടതു നേതാക്കളോട് പറഞ്ഞു. പ്രതിസന്ധിയെ കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ വീണ്ടും ചര്‍ച്ച നടത്തണെമെന്നും കരുണാനിധി ആവശ്യപ്പെട്ടിട്ടുണ്ട്.
യുപിഎ സഖ്യത്തിനു പ്രധാന പങ്ക് വഹിച്ച ആളെന്ന നിലയിലും മുതിര്‍ന്ന നേതാവെന്ന നിലയിലുമാണ് കരുണാനിധിയെ സന്ദര്‍ശിച്ചത് എന്ന് കാരാട്ട് പറഞ്ഞു. കരാറിനെ കുറിച്ചുള്ള ഇടത് നിലപാട് കരുണാനിധി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുമെന്ന് കരുതുന്നതായും കാരാട്ട് പറഞ്ഞു.
കരുണാനിധിക്കൊപ്പം കനിമൊഴി എംപിയും കേന്ദ്ര മന്ത്രി ടി ആര് ബാലുവും ചര്‍ച്ചയില്‍ പങ്കെടുത്തു.