വാജ്പേയിയുടെ മുറി സംഗീതമയം

PRO
മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍. പഴയ ഹിന്ദി ഗാനങ്ങള്‍ കേള്‍ക്കണമെന്ന് വാജ്‌പേയി ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ വിവിഐപി ഐസിയുവില്‍ അതിനുള്ള സൌകര്യം ഒരുക്കിയതായും ആശുപത്രിവൃത്തങ്ങള്‍ വെളിപ്പെടുത്തി.

സിനിമയിലും പാട്ടിലും കവിതയിലും വാജ്പേയിക്കുള്ള കമ്പം പ്രസിദ്ധമാണ്. ഇപ്പോള്‍ ഓള്‍ ഇന്ത്യ റേഡിയോയുടെ ഗോള്‍ഡ് എഫ് എം സ്റ്റേഷനാണ് വാജ്പേയി കേള്‍ക്കുന്നത് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പാട്ടുകള്‍ കേള്‍ക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത് സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്‍റെ സൂചനയായിട്ടാണ് കണക്കാക്കുന്നത്.

എന്‍പത്തിനാലുകാരനായ വാജ്പേയിയുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ട്. ഇപ്പോള്‍ വാജ്പേയിക്ക് ഇരിക്കാനും പാട്ട് കേള്‍ക്കാനും കഴിയുന്നുണ്ട്, വാജ്പേയിയുടെ ഡോക്ടര്‍ രണ്‍‌ദീപ് ഗുലേരിയ പറഞ്ഞു.

നെഞ്ചിന് അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ഫെബ്രുവരി മൂന്നിനാണ് വാജ്പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസ തടസ്സം അനുഭപ്പെട്ടിരുന്ന വാജ്പേയിക്ക് ന്യൂമോണിയയും ബാധിച്ചിരുന്നു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന വാജ്പേയിയെ പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇപ്പോള്‍ വാജ്പേയിക്ക് വെന്‍റിലേറ്റര്‍ സഹായമില്ല.
ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 19 ഫെബ്രുവരി 2009 (09:58 IST)ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :