ശ്രീരാമസേനയ്ക്കെതിരെ അദ്വാനി

ബാംഗ്ലൂര്‍| WEBDUNIA|
മംഗലാപുരത്ത് പബ്ബില്‍ കയറി സ്ത്രീകളെ ആക്രമിച്ച ശ്രീരാമസേന പ്രവര്‍ത്തകരുടെ നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍ കെ അദ്വാനി.

ബാംഗ്ലൂരില്‍ ഒരു റാലിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഹിന്ദുസംഘടനയായ ശ്രീരാമസേനയെ അദ്വാനി നിശിതമായി വിമര്‍ശിച്ചത്. ശ്രീരാമസേനയുടെ നടപടി കാടത്തവും ഇന്ത്യന്‍ നിയമങ്ങള്‍ക്കും സംസ്കാരത്തിനും നിരക്കാത്തതുമാണെന്ന് അദ്വാനി പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ വച്ചു പൊറുപ്പിക്കാനാവില്ലെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു. ഓരോ വ്യക്തികള്‍ക്കും അവരുടേതായ കാഴ്ചപ്പാടുണ്ടായിരിക്കും. അത് നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇത്തരം അക്രമണങ്ങള്‍ തീര്‍ത്തും അപലപനീയമാണ്.

യുവാക്കള്‍ക്കും യുവതികള്‍ക്കും അവരുടേതായ വഴികളുണ്ട്. അത് നിങ്ങള്‍ക്ക് വേണമെങ്കില്‍ അംഗീകരിക്കുകയോ അംഗീകരിക്കാ‍തിരിക്കുകയോ ചെയ്യാം. എന്നാല്‍ അതിന് പകരമായി അവരെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് തെറ്റാണ് - അദ്വാനി പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാജ്യത്തിന്‍റെ ഐടി നഗരത്തിലെ യുവജനതയുടെ പ്രീതി പിടിച്ചുപറ്റാനാ‍ണ് അദ്വാനി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് വിലയിരുത്തപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :