ചെന്നൈ: തമിഴ്‌പുലികള്‍ തമിഴ്‌നാട്ടിലേക്ക് കടക്കാനിടയുണ്ടെന്ന് ഐ ഐ എ ഡി എം കെ നേതാവ് ജയലളിത. ശ്രീലങ്കയിലെ പോരാട്ടം ശക്തിപ്പെടുത്തുന്നതിനു തമിഴ്‌നാട്ടില്‍ പുലികള്‍ ഒരു ക്യാമ്പു തുറക്കാനിടയുണ്ടെന്നാണ് പുരട്ചി തലൈവി ഞായറാഴ്ച വ്യക്തമാക്കിയത്.
തമിഴ്‌നാട് ഇതിനെതിരെ കരുതലോടെ ഇരിക്കേണ്ട സമയമായെന്നും ജയലളിത മുന്നറിയിപ്പ് നല്‍കുന്നു. എ ഐ എ ഡി എം കെ ഒഴികെയുള്ള തമിഴ്‌നാട്ടിലെ എല്ലാ പാര്‍ട്ടികളും ഈ നിരോധിത സംഘടനയ്‌ക്ക് ചുവപ്പു പരവതാനി വിരിക്കാനുള്ള നീക്കത്തിലാണെന്നും പാര്‍ട്ടി കേന്ദ്രത്തില്‍ അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്‍റെ പിന്തുണ കൂടി ലഭിച്ചാല്‍ പിന്നെ ദൈവത്തിനു മാത്രമേ തമിഴ്‌നാടിനെ രക്ഷിക്കാനാകുകയുള്ളെന്നും സംസ്ഥാനം കരുതലോടെ ഇരിക്കേണ്ട സമയമാണെന്നും ജയലളിത പറഞ്ഞു. നിയമ പരമായ കര്യങ്ങളില്‍ കാര്യമായ നവീകരണം വരുത്താത്ത തമിഴ്‌നാട് സര്‍ക്കാരിന്‍റെ പിടിപ്പു കേടാണ് പുലികള്‍ തമിഴ്‌നാട്ടിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നനു സഹായകരമാകുന്നതെന്നും ജയലളിത കുറ്റപ്പെടുത്തുന്നു.
താനൊഴികെ എല്ലാ പാര്‍ട്ടിനേതാക്കന്‍മാരും പുലികള്‍ക്ക് സ്വാഗതമോതുന്ന തരത്തിലുള്ള നീക്കമാണ് നടത്തുന്നതെന്നും അവര്‍ പറഞ്ഞു എ ഐ എ ഡി എം കെ നേതാവ് വ്യക്തമാക്കി. പുലികള്‍ക്കായി സാധനങ്ങളും മറ്റു വസ്തുക്കളും കള്ളക്കടത്ത് നടത്തുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.
സര്‍ക്കാരും പൊലീസും പുലികള്‍ക്കെതിരെ കര്‍ശന നടപടികളേക്കുറിച്ചു പറയുമ്പോഴും പുലികള്‍ക്ക് പിന്തുണ നല്‍കുന്നവരുടെ യോഗങ്ങളും ജാഥകളും അനുവദിക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.