കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഇനി ലോക്സഭയില്‍ വന്ന് മുഖം കാണിച്ച് മടങ്ങിപ്പോകാനാവില്ല. കാരണം, പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി എം പിമാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ലോക്സഭയുടെ മുന്‍ സമ്മേളനങ്ങളില്‍ ഉച്ചഭക്ഷണത്തിനു ശേഷം പാര്‍ട്ടി എം പിമാരുടെ ഹാജര്‍ നിലയില്‍ ഗണ്യമായ കുറവ് വന്നതാണ് സോണിയയെ ഇത്തരമൊരു നീക്കത്തിനു പ്രേരിപ്പിച്ചിരിക്കുന്നത്. ബജറ്റ് സമ്മേളനം അവസാനിക്കുന്നതു വരെ എല്ലാ അംഗങ്ങളും സഭയില്‍ ഉണ്ടാവണമെന്നാണ് സോണിയയുടെ നിര്‍ദ്ദേശം.
ഉച്ചഭക്ഷണത്തിനു ശേഷം എം പിമാര്‍ അപ്രത്യക്ഷരാവുന്നത് തടയാന്‍ എല്ലാവരും വൈകിട്ട് നാല് മണിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍ ഹാജര്‍ രേഖപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം.
ബജറ്റ് സമ്മേളനത്തില്‍ ബില്ലുകള്‍ അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ കുറവുമൂലം പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് സോണിയ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.