സ്വാമി അഗ്നിവേശിനെ കയ്യേറ്റം ചെയ്തു

റായ്പൂര്‍| ഗായത്രി ശര്‍മ്മ|
PRO
PRO
സാമൂഹ്യപ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിനെ ഒരു കൂട്ടം ആളുകള്‍ ദണ്ഡേവാഡയില്‍ കയ്യേറ്റം ചെയ്തു. മാവോയിസ്‌റ്റ് ആക്രമണങ്ങളുണ്ടായ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. പ്രദേശത്തെ ചില സാമൂഹ്യപ്രവര്‍ത്തകളും ഗ്രാമവാസികളും ചേര്‍ന്നായിരുന്നു അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിച്ചത്. സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരും ഇവരുടെ സംഘത്തില്‍ ഉണ്ടായിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്നിവര്‍ക്കൊപ്പമാണ് സ്വാമി ഗ്രാമത്തിലെത്തിയത്. മൂന്ന് വാഹനങ്ങളിലായിരുന്നു യാത്ര. സല്‍‌വ ജുദും പ്രവര്‍ത്തകരും ഗ്രാമവാസികളും അദ്ദേഹമെത്തുന്നുണ്ടെന്നറിഞ്ഞ് വഴിയില്‍ കാത്തുനില്‍ക്കുകയായിരുന്നു. രോഷാകുലരായ ജനങ്ങള്‍ അദ്ദേഹത്തിന് നേരെ ചീമുട്ട എറിയുകയും അവഹേളിക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അദ്ദേഹത്തെയും സംഘത്തെയും ഗ്രാമത്തില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയക്കുകയും ചെയ്തു. റായ്പൂരില്‍ നിന്ന് 550 കൊലോമീറ്റര്‍ അകലെയായിരുന്നു സംഭവം നടന്നത്.

മാവോയിസ്‌റ്റുകള്‍ നടത്തിയ കൂട്ടക്കൊലയില്‍ വിധവകളായി മാറിയവരും ചില മനുഷ്യാവകാശ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഇതിന് നേതൃത്വം വഹിച്ചത്. സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരും വഴിതടയാന്‍ ഉണ്ടായിരുന്നു. മാവോവിസ്‌റ്റുകള്‍ തകര്‍ത്തെറിഞ്ഞ കുടുംബങ്ങള്‍ സന്ദര്‍ശിക്കാന്‍ സ്വാമി എന്തുകൊണ്ട് തയ്യാ‍റാവുന്നില്ലെന്ന് പ്രക്ഷോഭകര്‍ ചോദിച്ചു.

ജനങ്ങള്‍ അവരുടെ വികാരം പ്രകടിപ്പിച്ചതാവാമെന്ന് സ്വാമി അഗ്നിവേശ് പ്രതികരിച്ചു. സംഘര്‍ഷം മുന്‍‌കൂട്ടി ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ആരോ അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ ഇക്കാര്യങ്ങള്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. സ്വാമിയുടെ ഇനിയുള്ള സന്ദര്‍ശനങ്ങളില്‍ ഐ പി എസ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ അനുഗമിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :