സ്വവര്‍ഗരതി: കേന്ദ്രസര്‍ക്കാര്‍ വീണ്ടും മലക്കംമറിഞ്ഞു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സ്വവര്‍ഗരതിയേക്കുറിച്ചുള്ള നിലപാടില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും മലക്കം‌മറിഞ്ഞത് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കി. സ്വവര്‍ഗരതി നിയമവിധേയമാക്കുന്നതിനോട് എതിര്‍പ്പില്ലെന്നാണ് കേന്ദ്രആരോഗ്യമന്ത്രാലയം ഇന്ന് സുപ്രീംകോടതിയില്‍ അറിയിച്ചത്. സ്വവര്‍ഗരതിയെ എതിര്‍ക്കുന്നു എന്ന രീതിയില്‍ ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം കോടതിയില്‍ സ്വീകരിച്ച നിലപാടിന്റെ നേര്‍വിപരീതമാണിത്.

മന്ത്രാലയങ്ങളുടെ വ്യത്യസ്ത നിലപാടിന്റെ പേരിലാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. വ്യവസ്ഥകളെ പരിഹസിക്കരുതെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നും കേസ് പരിഗണിച്ച ബെഞ്ച് സര്‍ക്കാരിന് താക്കീത് നല്‍കി.

സ്വവര്‍ഗരതിയെ എതിര്‍ക്കുകയാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി പി മല്‍ഹോത്ര ആണ് കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചത്. സ്വവര്‍ഗ ലൈംഗികത പ്രകൃതിവിരുദ്ധമാണെന്നും നമ്മുടെ ധാര്‍മ്മികതയ്ക്കും സാമൂഹിക മൂല്യങ്ങള്‍ക്കും യോജിക്കാത്തതാണെന്നുമാണ് അദ്ദേഹം പറഞ്ഞു. പാശ്ചാത്യ സംസ്കാരം ഇന്ത്യയില്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് ഔദ്യോഗിക നിലപാടല്ലെന്ന് അറിയിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പിന്നീട് പ്രസ്താവന ഇറക്കുകയായിരുന്നു. നിലപാടറിയിക്കുന്ന കാര്യത്തില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് വീഴ്ച സംഭവിച്ചതാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

സ്വവര്‍ഗരതി കുറ്റവിമുക്തമാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിയെ അനുകൂലിക്കുന്നുവെന്നാണ് ആരോഗ്യമന്ത്രാലയം ഇന്ന് വ്യക്തമാക്കിയത്. അതേസമയം കഴിഞ്ഞ ദിവസത്തെ സര്‍ക്കാര്‍ നിലപാടാണ് ഔദ്യോഗികമായി കാണുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :