സ്ത്രീധനമായി വെറുമൊരു ഹെലികോപ്ടര്‍!

ന്യൂഡല്‍ഹി| WEBDUNIA|
PRO
സുമംഗലിയായി പടിയിറങ്ങുന്ന മകള്‍ക്ക് സമ്മാനങ്ങള്‍ വാങ്ങി നല്‍കാത്ത മാതാപിതാക്കളുണ്ടോ? സ്ത്രീധനമെന്നോ സ്നേഹസമ്മാനമെന്നോ ഒക്കെ അതിന് പേരിടാം. എന്നാല്‍, മകള്‍ കയറി ചെല്ലുന്നത് 154 കോടിയുടെ ആസ്തിയുള്ള ഒരു കുടുബത്തിലേക്കാണെങ്കിലോ? മരുമകന് എന്തു നല്‍കി സന്തോഷിപ്പിക്കണം എന്ന കാര്യത്തില്‍ ഏത് പിതാവും ഒന്ന് സംശയിക്കും.

അങ്ങനെയാണ് ഹരിയാനയിലെ സോഹ്‌നയില്‍ നിന്നുള്ള മുന്‍ സ്വതന്ത്ര എംഎല്‍എ സുഖ്ബീര്‍ സിംഗ് ജോനാപുരിയ തന്റെ മരുമകന് ഒരു ഹെലികോപ്ടര്‍ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി ഭുപീന്ദര്‍ സിംഗ് ഹൂഡ യുടെ ഉറ്റ സുഹൃത്താണ് ഇദ്ദേഹം.

കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ കന്‍‌വാര്‍ സിംഗ് തന്‍‌വാറിന്റെ മകന്‍ ലളിത് ആണ് സുഖ്ബീര്‍ സിംഗിന്റെ മകള്‍ യോഗിതയെ വിവാഹം ചെയ്യുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥിയായിരുന്ന കന്‍‌വാര്‍ സിംഗ് ബിഎസ്പി ടിക്കറ്റിലായിരുന്നു മത്സരിച്ചത്

ദക്ഷിണ ഡല്‍ഹിയില്‍ വെള്ളിയാഴ്ച നടന്ന വിവാഹനിശ്ചയ ചടങ്ങില്‍ ഹെലികോപ്‌ടറിന്റെ ചിത്രം സുഖ്ബീര്‍ സിംഗ് വരന്റെ വീട്ടുകാര്‍ക്ക് കൈമാറുകയും ചെയ്തു. അഞ്ചു പേര്‍ക്കിരിക്കാവുന്ന ഹെലികോപ്‌ടറാണിത്. മാര്‍ച്ച് ഒന്നിനാ‍ണ് വിവാഹം. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവാഹ ചടങ്ങുകളാണ് ഉണ്ടാവുക.

വധുവിന്റെ വീട്ടിലേക്ക് വരന്‍ ഹെലികോപ്ടര്‍ വാടകയ്ക്കെടുത്ത് പോകുന്ന ചടങ്ങൊക്കെ ഹരിയാനക്കാര്‍ മുമ്പു കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു സംഭവം ആദ്യമാണെന്ന് നാട്ടുകാരും സാക്‍ഷ്യപ്പെടുത്തുന്നു.

ആദായ നികുതിക്കാരെ പേടിച്ചിട്ടാണോ എന്നറിയില്ല, സുഖ്ബീര്‍ സിംഗ് ഹെലികോപ്ടര്‍ വാര്‍ത്ത നിഷേധിച്ചു കഴിഞ്ഞു. അതിനും മാത്രം ആസ്തിയൊന്നും തനിക്കില്ലെന്നാണ് ഇയാളുടെ പക്ഷം. നാട്ടുകാര്‍ക്കൊക്കെ തന്റെ സമ്പത്തിനെക്കുറിച്ചറിയാമെന്നും സുഖ്ബീര്‍ സിംഗ് പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :