ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ചൊവ്വ, 27 ജൂലൈ 2010 (18:29 IST)
സൊഹ്റാബുദ്ദീന്‍ ഷെയ്ക് വധക്കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി സി ബി ഐ അറസ്റ്റുചെയ്തു. സൊഹ്റാബുദ്ദീന്‍ ഷെയ്കിന്റെ ഭാര്യ കൌസര്‍ബി കൊല്ലപ്പെട്ട സ്ഥലമായി പറയുന്ന അര്‍ഹാം ഫാം ഹൗസിന്റെ ഉടമയായ രാജേന്ദ്ര ജിരവാലയാണ് അറസ്റ്റിലായത്. ബി ജെ പി നേതാവും വ്യവസായിയുമായ സുരീന്ദര്‍ ജിരവാലയുടെ സഹോദരനാണ് ഇയാള്‍.
അര്‍ഹാം ഫാം ഹൗസിലാണ് സൊഹ്റാബുദ്ദീനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി താമസിപ്പിച്ചിരുന്നത്. പിന്നീട് ഇവിടെവച്ചുതന്നെ കൌസര്‍ബിയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് സി ബി ഐ ഭാഷ്യം. സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
2005 നവംബര്‍ 21ന് ഭാര്യ കൗസര്ബിയുമൊത്ത് ബസില്‍ യാത്ര ചെയ്യുകയായിരുന്ന സൊഹ്റാബുദ്ദീനെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നുദിവസം അര്‍ഹാം ഫാം ഹൗസില്‍ ഇവരെ പാര്‍പ്പിക്കുകയും വ്യാജ ഏറ്റുമുട്ടലിലൂടെ സൊഹ്റാബുദ്ദീനെ കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് കൌസര്‍ബിയെയും കൊലപ്പെടുത്തി.