സൈനിക വിവരങ്ങള്‍ തിരക്കിയത് മാധുരിക്ക് വിനയായി

ന്യൂഡല്‍ഹി| WEBDUNIA|
ഇന്ത്യയുടെ സൈനിക വിവരങ്ങള്‍ അറിയാന്‍ കാണിച്ച താല്പര്യമാണ് മാധുരി ഗുപ്തയെ ആദ്യമായി സംശയ നിഴലിലാക്കിയത് എന്ന് റിപ്പോര്‍ട്ടുകള്‍. മാധുരിയുടെ വഴിവിട്ട താല്പര്യത്തെ കുറിച്ച് പാകിസ്ഥാനിലെ ഡിഫന്‍സ് അറ്റാഷെ ചൂണ്ടിക്കാണിച്ചിരുന്നു. പാകിസ്ഥാനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ കേസില്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെ രണ്ടാം ഗ്രേഡ് സെക്രട്ടറിയായ മാധുരിയെ ഇന്ത്യന്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണ്.

ഇന്ത്യയുടെ അഫ്ഗാനിസ്ഥാന്‍ ദൌത്യത്തെ കുറിച്ചും പാകിസ്ഥാന്‍ ബന്ധത്തെ കുറിച്ചും ഉള്ള രഹസ്യ വിവരങ്ങള്‍ മാധുരി ഐ‌എസ്‌ഐയ്ക്ക് കൈമാറി എന്നാണ് സൂചന. ഇതിനായി ഇവര്‍ ഓഫീസ് കമ്പ്യൂട്ടര്‍ ഉപയോഗിച്ചിരുന്നു എന്നും ചില ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഓഫീസ് കമ്പ്യൂട്ടറില്‍ നിന്ന് ഇവര്‍ ഇത്തരത്തില്‍ ഏഴ് ഇ-മെയിലുകള്‍ അയച്ചിട്ടുണ്ട് എന്നാണ് സൂചന. ഇന്തോ-പാക് സെക്രട്ടറിതല ചര്‍ച്ചയില്‍ ഇന്ത്യന്‍ നിലപാടിനെ കുറിച്ചുള്ള സൂചനയടക്കം വിവിധ ഉദ്യോഗസ്ഥരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ മറ്റു പല പ്രധാന കാര്യങ്ങളിലുമുള്ള ഇന്ത്യന്‍ നിലപാടുകളെ കുറിച്ചും മാധുരി മെയിലുകള്‍ അയച്ചിട്ടുണ്ട്.

ഇവര്‍ നയതന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരവും പാകിസ്ഥാന് കൈമാറി എന്നാണ് സൂചന. പല പേരുകളില്‍ അറിയപ്പെടുന്ന ഒരു ഐ‌എസ്‌ഐ ഉദ്യോഗസ്ഥനുമായി ഇവര്‍ അതിരുവിട്ട ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ഉറുദു പത്രവാര്‍ത്തകള്‍ തര്‍ജ്ജമ ചെയ്യുന്ന ജോലി ചെയ്തിരുന്ന മാധുരി എന്ന ഐ‌‌എഫ്‌എസ് ഓഫീസര്‍ക്ക് പാക് മാധ്യമ പ്രവര്‍ത്തകരുമായുള്ള ബന്ധമാണ് അവസാനം ഐ‌എസ്‌ഐയുമായുള്ള ബന്ധത്തില്‍ കലാശിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :