കേന്ദ്ര മന്ത്രിസഭാ പുന:സംഘടന നടക്കുമ്പോള്‍ കപില്‍ സിബല്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ചുമതല ഒഴിഞ്ഞേക്കുമെന്ന് സൂചന. എ രാജയുടെ ഒഴിവില്‍ സിബലിനു ലഭിച്ച ടെലികോം മന്ത്രാലയത്തിന്റെ ചുമതല നിലനിര്‍ത്താനും മാനവ വിഭവശേഷി വകുപ്പിന്റെ ചുമതല നിയമമന്ത്രി വീരപ്പ മൊയ്‌ലിക്ക് കൈമാറാനുമാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദിയും മാനവ വിഭവശേഷി മന്ത്രാലയത്തിനു വേണ്ടി ശ്രമം നടത്തുന്നുണ്ട് എന്നാണ് സൂചന. പ്രതിരോധം, ധനകാര്യം, ആഭ്യന്തരം തുടങ്ങിയ പ്രധാന വകുപ്പുകളില്‍ മാറ്റം ഉണ്ടാവില്ല എങ്കിലും അഴിമതിക്കറ പുരണ്ട പ്രതിച്ഛായ മാറ്റാന്‍ കോണ്‍ഗ്രസ് കിണഞ്ഞു പരിശ്രമിക്കുമെന്നാണ് സൂചന. സംഘടനാ തലത്തിലും വന്‍ അഴിച്ചു പണിക്ക് സാധ്യതയുണ്ടെന്നാണ് കരുതുന്നത്.
ഈ ആഴ്ച അവസാനമോ നാളെത്തന്നെയോ മന്ത്രി സഭാ പുനസംഘടന നടക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കഴിഞ്ഞ ദിവസം രാഷ്ട്രപതി പ്രതിഭാ പാട്ടീലുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന്, ചൊവ്വാഴ്ച രാവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഷ്ട്രീയ ഉപദേഷ്ടാവ് അഹമ്മദ് പട്ടേലും പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, മന്ത്രിസഭാ പുന:സംഘടനയെ കുറിച്ച് പ്രധാനമന്ത്രിയും സോണിയ ഗാന്ധിയും ഇതുവരെയായും വ്യക്തമായ സൂചനകളൊന്നും നല്‍കിയിട്ടില്ല.