ശക്തമായ ജനലോക്പാല്‍ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ വീണ്ടും സമരം നടത്തുന്നു. ഡല്‍ഹി ജന്ദര്‍മന്തറിലാണ് ഹസാരെ ഏകദിന നിരാഹാരസമരം നടത്തുന്നത്. ജനങ്ങളുടെ ആവശ്യങ്ങളോട് മുഖംതിരിക്കുന്ന സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ഹസാരെ മുന്നറിയിപ്പ് നല്കി. നിരാഹാരസമരം ആരംഭിക്കുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി പുറത്തുകൊണ്ടുവരുന്നവരെ സംരക്ഷിക്കാന്‍ ജനലോക്പാല്‍ ബില്ലില്‍ പ്രത്യേക വ്യവസ്ഥകള്‍ വേണമെന്നാണ് ഹസാരെ ആവശ്യപ്പെടുന്നത്. ഖനിമാഫിയയെ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അഴിമതി തുറന്നു കാണിക്കാന്‍ ശ്രമിക്കുന്നവര്‍ ആക്രമിക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ കൈയും കെട്ടി നോക്കി നില്‍ക്കുകയാണ്. അവരുടെ മക്കളും ബന്ധുക്കളും നീതിക്ക് വേണ്ടി കരയുമ്പോള്‍ സര്‍ക്കാര്‍ ബധിരരും മൂകരുമായി പെരുമാറുകയാണെന്നും ഹസാരെ ആരോപിച്ചു.
അഴിമതി വെളിച്ചത്ത് കൊണ്ടുവന്നതിന്റെ പേരില്‍ കൊല്ലപ്പെട്ട 24 പേരുടെ ചിത്രങ്ങള്‍ സമരവേദിക്ക് സമീപം സ്ഥാപിച്ചിട്ടുണ്ട്. കനത്ത് സുരക്ഷയാണ് ജന്ദര്‍മന്തറില്‍ ശനിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഴിമതിക്കെതിരെ മുമ്പ് ഹസാരെ ജന്ദര്‍മന്തറില്‍ നടത്തിയ സമരവും രാംലീല മൈതാനത്ത് നടന്ന നിരാഹാരസമരങ്ങളും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ മുംബൈയില്‍ നടത്തിയ സമരത്തിന് ജനപിന്തുണ വളരെ കുറവായിരുന്നു.
English Summary: Anna Hazare on Sunday said he will organise a big protest against the ‘deaf and dumb’ government, which, he alleged, was turning a blind eye to whistleblowers who are being targeted while fighting corruption.