സമ്മര്‍ദ്ദത്തിലൂടെ തന്നെ രാഷ്ട്രീയത്തിലിറക്കാന്‍ സാധിക്കിക്കില്ല എന്ന് ഇളയ ദളപതി വിജയ്. തന്റെ പുതിയ ചിത്രം പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, അതിന്റെ പേരില്‍ ഉടനെ രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടാന്‍ ഒരുക്കമല്ല എന്നാണ് വിജയ് നല്കുന്ന സൂചന.
താന്‍ അഭിനയിച്ച 'കാവലന്' എന്ന സിനിമയ്ക്കെതിരെ മൂന്ന് കേസുകളാണ് നിലവിലുള്ളത്. കാവലന് പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പലയിടത്തും അക്രമ സംഭവങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ മൂലം ഉടന്‍ രാഷ്ട്രീയത്തിലേക്ക് എടുത്ത് ചാടാന്‍ ഉദ്ദേശിക്കുന്നില്ല.
തന്റെ പോസ്റ്ററുകള്‍ പതിക്കുന്നതിനു പോലും ഫാന്‍സുകാരെ അനുവദിക്കുന്നില്ല. എന്നാല്‍, ചിലര്‍ മന:പൂര്‍വം സൃഷ്ടിക്കുന്ന എതിര്‍പ്പിനിടയിലും കാവലന് 350 തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചു വരികയാണ് എന്നും വിജയ് പറഞ്ഞു.
തല്ക്കാലം സിനിമയിലാണ് ശ്രദ്ധിക്കുന്നത്. രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ അതെ കുറിച്ച് എല്ലാവരെയും അറിയിക്കും എന്നും വിജയ് പറഞ്ഞു. തന്റെ പിതാവ് എസ് എ ചന്ദ്രശേഖര്‍ ജയലളിതയുമായി കൂടിക്കാഴ്ച നടത്തിയത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഡിഎംകെയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് എന്ന അഭ്യൂഹങ്ങളോടും വിജയ് അനുകൂലമായല്ല പ്രതികരിച്ചത്.
തന്റെ പിതാവ് ജയലളിതയുമായി കൂടിക്കാഴ്ച നടത്തിയത് അത്തരത്തില്‍ ഒരു അവസരം ലഭിച്ചതിനാലാണ്. 2008- ല്‍ താന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചതും അങ്ങനെയൊരു അവസരം ലഭിച്ചതുകൊണ്ടാണ് എന്നും വിജയ് പറഞ്ഞു.