അഹമ്മദാബാദ്|
WEBDUNIA|
Last Modified ഞായര്‍, 25 ജൂലൈ 2010 (17:15 IST)
PRO
സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രി അമിത് ഷായെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ അന്വേഷണം നടക്കുകയാണെന്നും ഷായെ തല്‍ക്കാലം കസ്റ്റഡിയില്‍ വേണ്ട എന്നുമാണ് സിബിഐ നിലപാട്.
സിബിഐ മജിസ്ട്രേറ്റാണ് ഷായെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ നിര്‍ദ്ദേശിച്ചത്. കേസിലെ മറ്റ് 15 കുറ്റാരോപിതരും കഴിയുന്ന അഹമ്മദാബാദിലെ സബര്‍മതി ജയിലിലേക്കാണ് ഷായെ അയച്ചിരിക്കുന്നത്. ഷാ ഉടന്‍ തന്നെ ജ്യാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.
സിബിഐ സമന്‍സ് നല്‍കിയ ശേഷം മൂന്ന് ദിവസമായി ഒളിവില്‍ ആയിരുന്ന ഷാ ഞായറാഴ്ച രാവിലെ അഹമ്മദാബാദിലെ പാര്‍ട്ടി ഓഫീസില്‍ മാധ്യമ സമ്മേളനം നടത്തി കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചിരുന്നു. താന്‍ സിബിഐയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറാണെന്നും ഷാ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന്, ഗാന്ധി നഗറിലുള്ള സിബിഐ ആസ്ഥാനത്ത് ഷാ സ്വമേധയാ ഹാജരാവുകയായിരുന്നു. സിബിഐ ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ഷായെ അറസ്റ്റ് ചെയതതിനെ തുടര്‍ന്ന് മജിസ്ട്രേറ്റിന്റെ വസതിക്കു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധം നടത്തിയിരുന്നു.