ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ സൈനിക ശക്തി വിളിച്ചറിയിച്ചുകൊണ്ടുള്ള റിപ്പബ്ലിക് ദിന പരേഡിന് ഡല്‍ഹിയിലെ രാജ്പഥ് സാക്‍ഷ്യംവഹിച്ചു. ദേശീയ പതാകയുയര്‍ത്തിയ ശേഷം രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ വിവിധ സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.
ഇന്തോനേഷ്യന്‍ പ്രസിഡന്റ് ഡോ, ഹാജി സുസിലോ ബാബംഗ് യുദോയൊനെയാണ് അറുപത്തി രണ്ടാം റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ വിശിഷ്ടാതിഥിയായി എത്തിയത്.
വീരമൃത്യുവരിച്ച സൈനികരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണമിച്ചുകൊണ്ട് രാവിലെ 9:30 ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അമര്‍ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. പ്രതിരോധമന്ത്രി എ കെ ആന്റണിയും സൈനിക മേധാവികളും അമര്‍ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രമര്‍പ്പിച്ചു. തുടര്‍ന്നാണ് പരേഡ് നടന്നത്.
കാബൂളില്‍ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യുവരിച്ച ലൈശ്രാം സിംഗിനുള്ള ബഹുമതിയായ അശോകചക്ര അദ്ദേഹത്തിന്റെ സഹോദരന് രാഷ്ട്രപതി സമ്മാനിച്ചു. സമാധാനകാലത്തെ ഏറ്റവും വലിയ സൈനിക ബഹുമതിയാണ് അശോകചക്ര.
ഈ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ അഞ്ച് കീര്‍ത്തിചക്ര ബഹുമതികളും 21 ശൌര്യചക്ര ബഹുമതികളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.