വൈഎസ്ആര്‍: കോപ്ടര്‍ സുരക്ഷിതമായിരുന്നില്ല

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 22 ജനുവരി 2010 (16:04 IST)
PTI
ദുരന്ത സമയത്ത് വൈഎസ് രാജശേഖര റെഡ്ഡി സഞ്ചരിച്ചിരുന്ന ബെല്‍-403 ഹെലികോപ്ടര്‍ യാത്ര ചെയ്യാന്‍ സുരക്ഷിതമല്ലായിരുന്നു എന്ന് അന്വേഷണ കമ്മീഷന്‍. എന്നാല്‍, ഇതായിരുന്നില്ല അപകടകാരണമെന്നും കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ സെപ്തംബറില്‍ നടന്ന ഹെലികോപ്ടര്‍ ദുരന്തത്തില്‍ വൈഎസ്‌ആര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. ഹെലികോപ്ടര്‍ അപകടത്തിനു പിന്നില്‍ ദുരൂ‍ഹതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ച അവസരത്തിലാണ് പവന്‍ ഹാന്‍സ് തലവന്‍ ആര്‍കെ ത്യാഗിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന വിഐപികള്‍ പറക്കലിനെ നിയന്ത്രിക്കാന്‍ ശ്രമിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നും ത്യാഗിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തിനു തൊട്ട് മുമ്പ് ഓയില്‍ ട്രാന്‍സ്മിഷനില്‍ മര്‍ദ്ദവ്യതിയാനം വന്നതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ വിലയേറിയ ആറ് മിനിറ്റ് ഫ്ലൈറ്റ് മാനുവല്‍ പരിശോധിക്കാനായി പാഴാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാന ദുരന്തത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാര്‍ക്കാണെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.

സെപ്തംബര്‍ രണ്ടിന് നല്ലമല വനത്തിലുണ്ടായ അപകടത്തില്‍ വൈഎസ്ആറിനു പുറമെ അദ്ദേഹത്തിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ സുബ്രഹ്മണ്യന്‍, മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍ എ എസ് സി വെസ്‌ലി, പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ എസ് കെ ഭാട്ടിയ എന്നിവരും കൊല്ലപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ബെല്‍-430 ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :