വെടിവയ്പ്: ലക്‍ഷ്യം രവിശങ്കറായിരുന്നില്ലെന്ന് പൊലീസ്

ബാംഗ്ലൂര്‍| WEBDUNIA|
PRO
ആര്‍ട്ട് ഓഫ് ലിവിംഗ് ആശ്രമത്തില്‍ വച്ച് ശ്രീ ശ്രീ രവിശങ്കറിന് നേരെ ഉണ്ടായതായി പറയപ്പെടുന്ന ആക്രമണത്തിന്റെ ദുരൂഹതയൊഴിയുന്നു. അലഞ്ഞുതിരിയുന്ന നായ്ക്കള്‍ തന്റെ കന്നുകാലികളെ ആക്രമിക്കാതിരിക്കാനായി ഒരു കര്‍ഷകന്‍ ഉതിര്‍ത്ത മൂന്ന് വെടിയുണ്ടകളില്‍ ഒന്നാണെത്രെ ശ്രീ ശ്രീ രവിശങ്കറിന്റെ ശിഷ്യന്റെ തുടയില്‍ കൊണ്ടത്.

ബാംഗ്ലൂര്‍ നഗരത്തിന് 30 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ആര്‍ട്ട് ഓഫ് ലിവിംഗ് ആശ്രമത്തിന് തൊട്ടടുത്തുള്ള കര്‍ഷകനാണ് വെടിയുതിര്‍ത്തതെന്ന് കര്‍ണാടക പൊലീസ് ഡയറക്‌ടര്‍ ജനറല്‍ അജയ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ഷകന്‍ വെടിയുതിര്‍ത്ത 0.32 മോഡല്‍ പിസ്റ്റളിന് ലൈസന്‍സുമുണ്ട്.

തന്‍റെ പത്തേക്കര്‍ സ്ഥലത്ത് കന്നുകാലികളെ വളര്‍ത്തുന്ന ഈ കര്‍ഷകന്‍ മെയ് 30-ന് നായ്ക്കളുടെ കുര കേട്ടത്രെ. സാധാരണ ചെയ്യാറുള്ളത് പോലെ ഇയാള്‍ പിസ്റ്റളെടുത്ത് ആകാശത്തേക്ക് മൂന്നുതവണ വെടിവച്ചു. അതിലൊന്നാണ് ശ്രീ ശ്രീ രവിശങ്കറിന്റെ ശിഷ്യനായ വിനയിന്റെ തുടയില്‍ കൊണ്ടത്. വെടിയുണ്ട പതിച്ച ഭാഗത്തെ ചര്‍മത്തിന് നിറം‌മാറ്റം ഉണ്ടായതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.

അജ്ഞാതര്‍ നടത്തിയ വധശ്രമത്തില്‍ നിന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് ഗുരു തലനാരിഴയ്ക്ക് രക്ഷപ്പെട്ടു എന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ സംഭവസ്ഥലത്തെത്തിയ കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥര്‍ ഇതൊരു ആക്രമണമല്ലെന്ന് തീര്‍ത്ത് പറഞ്ഞിരുന്നു. എന്നാല്‍ ശ്രീ ശ്രീയുടെ ആരാധകര്‍ അത് സമ്മതിച്ച് കൊടുക്കാന്‍ തയ്യാറായിരുന്നില്ല.

ശ്രീ ശ്രീ ഒരു സത്‌സംഗത്തില്‍ സംബന്ധിക്കാന്‍ കാറില്‍ കയറി പോയതിന് ശേഷമാണ് ഈ സംഭവമുണ്ടായത്. സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കുകയും കര്‍ഷകന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ടയാണ് അതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഏതായാലും സംഭവത്തിന്‍റെ സത്യാവസ്ഥ ഡിജിപി തന്നെ നേരിട്ട് മാധ്യമങ്ങളോട് വെളിപ്പെടുത്തിയതോടെ ഇത് സംബന്ധിച്ച വിവാദം അവസാനിക്കുമെന്നാണ് പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :