വി‌എസ് - കരുണാകര പോരാട്ട ഇരയെന്ന് തോമസ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
വി‌എസ് അച്യുതാനന്ദനും കെ കരുണാകനും തമ്മിലുള്ള പോരാട്ടത്തിന്റെ ഇരയാണ് താനെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പിജെ തോമസ്. തിങ്കളാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്‌മൂലത്തിലാണ് സിവിസി ഇക്കാര്യം പറയുന്നത്.

ക്രിമിനല്‍ കുറ്റത്തില്‍ പ്രതിയായതിനാല്‍ പിജെ തോമസിനെ സിവിസി തസ്തികയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് തോമസ് സത്യവാങ്ങ്‌മൂലം സമര്‍പ്പിച്ചിരിക്കുന്നത്. പാമോലിന്‍ കേസില്‍ താന്‍ നിരപരാധിയാണെന്ന് തോമസ് സമര്‍പ്പിച്ച സത്യവാങ്ങ്‌മൂലത്തില്‍ പറയുന്നു.

പാമോലിന്‍ കേസ് രാഷ്ട്രീയ പ്രേരിതവും താന്‍ രാഷ്ട്രീയ പകപോക്കലിന്റെ ഇരയുമാണ്. സ്വന്തം നിലപാട് വ്യക്തമാക്കാന്‍ ഒരു അവസരം ലഭിച്ചതില്‍ സന്തുഷ്ടിയുണ്ട്. തന്റെ യോഗ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍, അത് ചോദ്യം ചെയ്യേണ്ടകാര്യമില്ല എന്നും തോമസ് പറയുന്നു.

1991-ല്‍ മലേഷ്യയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്തതില്‍ കേരളത്തിന് 1.32 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. അന്നു മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെയും ഭക്‍ഷ്യമന്ത്രിയായിരുന്ന സി.എച്ച് മുസ്തഫയെയും മുഖ്യപ്രതികളാക്കിയാണ് തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കേസെടുത്തത്.

എന്നാല്‍, പാമോലിന്‍ ഇറക്കുമതിയില്‍ സംസ്ഥാനത്തിന് നഷ്ടമൊന്നും ഉണ്ടായില്ല എന്നും തുടര്‍ന്നു വന്ന സര്‍ക്കാരും ഇതേ വിലയ്ക്കാണ് ഇറക്കുമതി നടത്തിയത് എന്നുമാണ് തോമസിന്റെ നിലപാട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :