വിവരാവകാശ നിയമം: തര്‍ക്കം മുറുകുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 12 ജനുവരി 2010 (12:47 IST)
PRO
വിവരാവകാശ നിയമത്തിന്‍റെ പരിധിയെച്ചൊല്ലി നിയമവ്യവസ്ഥയില്‍ വീണ്ടും തര്‍ക്കം മുറുകുന്നു. ചീഫ് ജസ്റ്റിസിന്‍റെ ഓഫീസും വിവരാ‍വകാശ നിയമത്തിന്‍റെ പരിധിയില്‍ വരുമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശമാണ് ഈ വാഗ്വാദം വീണ്ടും സജീവമാക്കുന്നത്. സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരം പൊതുവായി വെളിപ്പെടുത്തില്ലെന്ന ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ വിലയിരുത്തല്‍.

നിയമത്തിന്‍റെ പിന്‍‌ബലമില്ലാത്ത ബന്ധങ്ങള്‍ മറ്റു ജഡ്ജിമാരുമായി പുലര്‍ത്താന്‍ ചീഫ് ജസ്റ്റിസിന് കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിന് മുമ്പാകെ വെളിപ്പെടുത്തിയ സ്വത്തുവിവരം അദ്ദേഹം പരസ്യപ്പെടുത്തേണ്ടതുണ്ടെന്നും കോടതി നിര്‍ദ്ദേശിച്ചു. പരമോന്നത കോടതിയിലെ ജഡ്ജിമാര്‍ അടുത്ത ആഴ്ചയ്ക്കുള്ളില്‍ സ്വത്ത് വെളിപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

സിജെ‌ഐ ഓഫീസ് പൊതുസ്വത്താണെന്ന മുഖവുരയോടെയായിരുന്നു കോടതിയുടെ പരാമര്‍ശം. വിവരാവകാശ നിയമത്തിന്‍റെ പ്രാധാന്യം പരാമര്‍ശിക്കവേ ആയിരുന്നു ബഞ്ചിന്‍റെ വിലയിരുത്തല്‍. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ‌പി ഷാ, ജസ്റ്റിസ് എസ് മുരളീധര്‍, വിക്രം‌ജീത് സെന്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

കോടതിയുടെ വലുപ്പമനുസരിച്ച് ജനങ്ങളോടുള്ള ബാധ്യതയും വര്‍ദ്ധിക്കും. വിവരാവകാശ നിയമനമനുസരിച്ച് വിവരങ്ങള്‍ ശേഖരിക്കുന്ന പൌരന്‍‌മാര്‍ക്ക് ഇത് ദുരുപയോഗം ചെയ്യാന്‍ അനുവാദമില്ലെന്ന് നിയമത്തിന്‍റെ പ്രത്യാഘാതത്തെക്കുറിച്ച് ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. നീതിന്യായ വ്യവസ്ഥയുടെ പരമാധികാരം സംരക്ഷിക്കുന്ന രീതിയിലായിരിക്കണം ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :