ഓട്ടേറെ നാടകീയ സംഭവവികാസങ്ങള്‍ക്കും നിര്‍ണായക നിയമ നിര്‍മാണങ്ങള്‍ക്കും സാക്ഷ്യം വഹിച്ച പതിനാലാം ലോക്സഭയുടെ അവസാന സമ്മേളനം ഇന്ന് സമാപിക്കും. ഇടക്കാല ബജറ്റ് പാസാക്കിക്കൊണ്ടായിരിക്കും യുപിഎ സര്‍ക്കാരിന്റെ അവസാന ലോക്സഭാ സമ്മേളനം സമാപിക്കുക. ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇന്ന് സഭയിലെത്തും.
ആണവക്കരാറും വിശ്വാസവോട്ടും വോട്ടിന് കോഴയുമെല്ലാം നിറഞ്ഞു നിന്നതായിരുന്നു പതിനാലാം ലോക്സഭ. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഒരു മുന്നണി സര്‍ക്കാര്‍ ആദ്യമായി കേന്ദ്രത്തില്‍ കാലാവധി പൂര്‍ത്തിയാകുന്നതിനും പതിനാലാം ലോക്സഭ സാക്ഷ്യം വഹിച്ചു.
ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി, വിവരാവകാശ നിയമം, ആദിവാസികള്‍ക്ക് വനഭൂമി നല്കുന്ന നിയമം, ഭീകരത നേരിടാന്‍ പുതിയ അന്വേഷണ ഏജന്‍സി, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്കസംവരണം എന്നിവ ഈ സഭയുടെ നേട്ടങ്ങളാണ്.
സഭാ അധ്യക്ഷന്‍ എന്ന നിലയില്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ നിലപാടുകളും അദ്ദേഹത്തെ സി പി എം പുറത്താക്കിയതും ഈ ലോക്സഭയുടെ എടുത്ത് പറയേണ്ട മറ്റൊരു സവിശേഷതയാണ്. മനുഷ്യക്കടത്തിന് ബിജെപി എംപി പിടിക്കപ്പെട്ടതും, ചോദ്യം ചോദിക്കാന്‍ കോഴവാങ്ങിയതിനെ തുടര്‍ന്ന് 10 എംപിമാരെയും കൂറുമാറ്റത്തിന് 6 പേരെയും പുറത്താക്കേണ്ടി വന്നതും പതിനാലാം ലോക്സഭയുടെ കളങ്കങ്ങളാണ്.
മഹാരാഷ്ട്ര നവനിര്മ്മാണ്സേനയുടെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ജെഡിയു എംപിമാരും, തെലുങ്കാന പ്രശ്നത്തില്‍ ടിആര്‍എസ് എം പിമാരും രാജിവച്ചതോടെ ഏറ്റവുമധികം എംപിമാര്‍ രാജിവച്ച സഭകൂടിയായി പതിനാലാം ലോക്സഭ.