ലിബിയയിലെ കലാപഭൂമിയില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായുള്ള കേന്ദ്രസര്‍ക്കാരിന്റെ രക്ഷാദൌത്യത്തിന് വ്യാഴാഴ്ച പരിസമാപ്തിയാവും. ശേഷിക്കുന്ന 2,400 ഇന്ത്യക്കാര്‍ കൂടി എട്ട് പ്രത്യേക വിമാനങ്ങളിലായി വ്യാഴാഴ്ച മടങ്ങിയെത്തും. ഇതോടെ, ദൌത്യം വിജയകരമായി പൂര്‍ത്തിയാവുമെന്ന് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
ട്രിപ്പോളി, സേബ, എന്നിവിടങ്ങളില്‍ ഇന്നുള്ള ഇന്ത്യക്കാരാണ് ഇന്ന് തിരിച്ചത്തുക. സിര്‍തെ, ബന്‍ഗാസി, കുഫ്ര എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകളെല്ലാം ഇതിനോടകം തിരിച്ചത്തിക്കഴിഞ്ഞതായി വിദേശകാര്യ വകുപ്പ് അറിയിച്ചു.
ലിബിയയില്‍ നിന്ന് 18,000 ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കുകയെന്ന ശ്രമകരമായ ദൗത്യമാണു ഇന്ത്യ പൂര്‍ത്തിയാകുന്നത്. ലിബിയയിലേക്ക് ഇന്ത്യക്കാര്‍ യാത്ര ചെയ്യുന്നതിന് ഫെബ്രുവരി 21 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
അതിനിടെ, ഗദ്ദാഫിയെ അനുകൂലിക്കുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ബുധനാഴ്ച ഈജിപ്തിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഗദ്ദാഫിയുടെ സന്ദേശവുമായാണ് ഇയാള്‍ പോയിരിക്കുന്നത് എന്നാണ് സൂചന.
ലിബിയയില്‍ വിമാന വിലക്ക് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ബുധനാഴ്ച ചര്‍ച്ച നടത്തി. എന്നാല്‍, ഐക്യരാഷ്ട്ര സഭയാണ് ഇതില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.
ലിബിയയെ വിമാന നിരോധിത മേഖലയാക്കാനുള്ള പാശ്ചാത്യരാജ്യങ്ങളുടെ ശ്രമത്തെ തന്റെ ജനത എതിര്‍ക്കുമെന്ന് ഗദ്ദാഫി പറഞ്ഞു. ഒരു ടര്‍കിഷ് ടി വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗദ്ദാഫി ഇക്കാര്യം പറഞ്ഞത്.