റെഡ്ഡിയുടെ സ്വര്‍ണക്കസേരയ്ക്ക് 2.2 കോടി!

ബാംഗ്ലൂര്‍| WEBDUNIA|
PRO
ബെല്ലാരി സഹോദരന്‍മാരില്‍ ഒരാളായ കര്‍ണാടക ടൂറിസം മന്ത്രി ജി ജനാര്‍ദ്ദന റെഡ്ഡിയുടെ സ്വര്‍ണക്കസേരയുടെ വില 2.2 കോടി രൂപ. അദ്ദേഹം പൂജിക്കുന്ന സ്വര്‍ണ ബിംബങ്ങള്‍ക്കാകട്ടെ 2.58 കോടി രൂപയാണ് വില!

ബെല്ലാരി സഹോദരന്റെ സ്വര്‍ണത്തിളക്കത്തിന്റെ കഥ അവസാനിച്ചു എന്ന് കരുതല്ലേ. അദ്ദേഹം ധരിക്കുന്ന സ്വര്‍ണ ബല്‍റ്റിന്റെ വില 13.15 ലക്ഷം രൂപയാണ്. വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിന് ഉപയോഗിക്കുന്ന സ്വര്‍ണത്തളികകള്‍ക്കും കത്തിക്കും മുള്ളിനുമൊക്കെയായി 20.87 ലക്ഷം രൂപയാണ് വില.

ഇതൊക്കെ ഇപ്പോള്‍ എങ്ങനെ വെളിയില്‍ വന്നു എന്നല്ലേ ഇനിയുള്ള സംശയം. അദ്ദേഹം ലോകായുക്തയ്ക്ക് നല്‍കിയ സ്വത്തുക്കളുടെയും വരുമാനത്തിന്റെയും ബാധ്യതകളുടെയും പട്ടികയിലാണ് സ്വര്‍ണപ്പാത്രങ്ങളുടെയും സിംഹാസനത്തിന്റെയും മറ്റും വിലവിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അദ്ദേഹം സമര്‍പ്പിച്ചിരിക്കുന്ന ആഭരണങ്ങളുടെ പട്ടിക മൂന്ന് താളുകളോളം വരും. അതായത്, കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ, വജ്ര ആഭരണങ്ങളാണ് റെഡ്ഡിക്കുള്ളത്. പൂജാ സാമഗ്രികളും പാത്രങ്ങളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ വെള്ളി വസ്തുക്കളും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുടുംബസ്വത്തും കാര്‍ഷിക ഭൂമിയും കെട്ടിടങ്ങളും ഒഴികെ 153.49 കോടി രൂപയാണ് റെഡ്ഡിയുടെ ആസ്തി. 31.54 കോടി രൂപ ശമ്പളം വാങ്ങുന്ന ജനാര്‍ദ്ദന റെഡ്ഡിക്ക് വ്യാപാരങ്ങളില്‍ നിന്ന് 18.30 കോടി രൂപയുടെ വരുമാനവുമുണ്ട്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :