ദക്ഷിണ ഡല്‍ഹിയില്‍ പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം ഒളിവില്‍ പോയ യുവാവിനെ മുംബൈയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. രാധിക തന്‍വാര്‍ തന്നെ അടിച്ചതിന് തരം കിട്ടുമ്പോള്‍ പ്രതികാരം ചെയ്യുമെന്ന് പിടിയിലായ വിജയ് എന്ന രാം സിംഗ് കൂട്ടുകാരോട് പറഞ്ഞിരുന്നതായി പൊലീസ് വെളിപ്പെടുത്തി.
ഉത്തര്‍പ്രദേശുകാരായ താബ്രെസ്, അഷ്റഫ് എന്നീ യുവാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് രാം സിംഗിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്. രാം സിംഗിന്റെ സുഹൃത്തുക്കളായ ഇരുവരും ചേര്‍ന്നാണ് കുറ്റകൃത്യം നടത്തിയ ശേഷം ഇയാളെ രക്ഷപെടാന്‍ സഹായിച്ചത്.
ഇരുപതുകാരിയായ രാധിക തന്‍വറിന്റെ കൊലപാതകം ഡല്‍ഹിയില്‍ വന്‍ പ്രതിഷേധത്തിനു കാരണമായിരുന്നു. കൊലപാതകം നടന്ന് നാലാം ദിവസമാണ് പ്രതി ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. രാംലാല്‍ ആനന്ദ് കോളജിന് അടുത്തുള്ള തിരക്കേറിയ നടപ്പാലത്തില്‍ വച്ചാണ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന രാധിക വെടിയേറ്റ് പിടഞ്ഞു വീണു മരിച്ചത്.
കൊലപാതകിക്ക് മനോരോഗമുള്ളതായി സംശയിക്കുന്നുണ്ട്. മൂന്ന് വര്‍ഷങ്ങളായി ഇയാള്‍ രാധികയെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെ യുപിയിലെ സീതാപൂര്‍ സ്വദേശിയാണ് പിടിയിലായത്. ഇയാള്‍ സ്വന്തം ഗ്രാമത്തിലുള്ള സ്ത്രീകളെയും നിരന്തരം ശല്യപ്പെടുത്തിയിരുന്നു എന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുമ്പാണ് വിജയ് രാധികയെ അപമാനിക്കാന്‍ ശ്രമിച്ചതും രാധിക അയാളുടെ ചെകിട്ടത് അടിച്ചതും. സംഭവം നടന്ന അതേ ദിവസം തന്നെ രാധികയുടെ കുടുംബക്കാരും ചെറുപ്പക്കാരനെ മര്‍ദ്ദിച്ചിരുന്നു.