വിദേശ അക്കൌണ്ടുകള്‍ മറച്ചുവയ്ക്കുന്നതിലൂടെ രാജ്യത്തിന്റെ സ്വത്ത് കൊള്ളയടിക്കപ്പെടുകയാണെന്ന് സുപ്രീംകോടതി. നികുതി വെട്ടിപ്പു നടത്തുന്നവര്‍ക്കെതിരെയും വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപങ്ങള്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കാത്തതിന് കോടതി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.
വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നതിനു വേണ്ടി പ്രശസ്ത അഭിഭാഷകന് രാം ജഠ്മലാനിയും ചില മുന്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി.
സര്‍ക്കാരിനു വേണ്ടി ഹാജരായത് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രമഹ്ണ്യമാണ്. കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ബാങ്ക് ആക്കൌണ്ടിന്റെ വിശദാംശങ്ങള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, പേരു വിവരങ്ങള്‍ പരസ്യമാക്കുന്നതിന് സാധ്യമല്ല എന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, സര്‍ക്കാര്‍ ഒരു ബാങ്കിന്റെ വിവരം മാത്രമാണ് നല്‍കിയതെന്നും അതിനാല്‍, സര്‍ക്കാരിന്റെ പക്കലുള്ള എല്ലാ വിവരങ്ങളും കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചുള്ള സ്വത്താണ് വിദേശ ബാങ്കുകളിലെ നിക്ഷേപങ്ങളില്‍ ഉള്ളതെന്നും കോടതി നിരീക്ഷിച്ചു.