കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന പ്രശ്നത്തെ തുടര്‍ന്ന് രാജി വയ്ക്കാനൊരുങ്ങുകയാണെന്ന വാര്‍ത്ത റയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവ് നിഷേധിച്ചു. ആര്‍ജെഡി ഇപ്പോഴും യുപിഎ സഖ്യത്തില്‍ തന്നെയാണെന്നും ചിലപ്പോള്‍, ബീഹാറില്‍ കോണ്‍ഗ്രസിനു നീക്കിവച്ച മൂന്ന് സീറ്റുകളില്‍ കൂടി തന്റെ പാര്‍ട്ടി മത്സരിച്ചേക്കാമെന്നും ലാലു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് ശക്തിയില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 90 സീറ്റ് നല്‍കിയിടത്ത് വെറും ഒമ്പത് സീറ്റുകളിലാണ് ജയിക്കാന്‍ സാധിച്ചത്, ബീഹാറില്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ മാത്രം നല്‍കിയതിനെ ന്യായീകരിച്ചുകൊണ്ട് ലാലു പറഞ്ഞു.
കഴിഞ്ഞ 60 വര്‍ഷമായി ദേശീയ രാഷ്ട്രീയത്തിലുള്ള കോണ്‍ഗ്രസ് ഇപ്പോള്‍ തകര്‍ച്ചാ പാതയിലാണ്, കോണ്‍ഗ്രസിനോട് ബീഹാറിലും ഝാര്ഖണ്ഡിലുമൊഴികെ സീറ്റ് ചോദിക്കില്ല. കോണ്‍ഗ്രസും ബിജെപിയും തകര്‍ച്ചയുടെ പാതയിലായതുകൊണ്ടാണ് തങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നത്, ലാലു കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, സോണിയ ഗാന്ധിക്കെതിരെ നേരിട്ടുള്ള ആക്രമണത്തിന് ലാലു മുതിര്‍ന്നില്ല. സോണിയയെ ബഹുമാനിക്കുന്നു എന്നും സോണിയയുടെ ‘മുന്ഷിമാരും’ ‘മാനേജര്‍മാരും’ ആണ് പ്രശ്നക്കാരെന്നുമാണ് ലാലു നിലപാട് എടുത്തത്.
കോണ്‍ഗ്രസിനെ തങ്ങള്‍ ഇരുട്ടില്‍ ഉപേക്ഷിക്കില്ല എന്നും എപ്പോഴും ഞങ്ങള്‍ക്കൊപ്പം “റാന്തല്‍” ഉണ്ടായിരിക്കുമെന്നും ആര്‍ജെഡി ചിഹ്നത്തെ പരോക്ഷമായി പരാമര്‍ശിച്ച് ലാലു പറഞ്ഞു.