യെദ്യൂരപ്പയുടെ കെജെപി അടുത്തമാസം 18നു ബിജെപിയില്‍ ലയിക്കും. ഇതിന്റെ ഭാഗമായി ജനുവരി 11നു ബിജെപിയുടെ പ്രാഥമിക അംഗത്വം സ്വീകരിക്കുമെന്ന് ബിഎസ് യെദ്യൂരപ്പ വ്യക്തമാക്കി. ദേശീയ നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ദാവങ്കരെയില്‍ നടക്കുന്ന ചടങ്ങിലാകും മാതൃസംഘടനയില്‍ ലയിക്കുകയെന്നും യെദ്യൂരപ്പ പറഞ്ഞു.
പുതുവര്‍ഷത്തില്‍ ശുഭകരമായ വാര്‍ത്തയുണ്ടാകുമെന്ന് പറഞ്ഞാണ് കഴിഞ്ഞ വെള്ളിയാഴ്ച യെദ്യൂരപ്പ ബാംഗ്ലൂരില്‍ നിന്ന് യാത്രയായത്. ഷിമോഗ ജില്ലയിലെ തന്റെ മണ്ഡലമായ ശിക്കാരിപുരയില്‍വച്ച് ബിജെപിയിലേക്കുള്ള മടക്കത്തേപ്പറ്റി യെദ്യൂരപ്പ തന്നെ വെളിപ്പെടുത്തി. കര്‍ണാടക ജനതാപക്ഷയുടെ അവസാനയോഗമായിരിക്കും ഇതെന്ന് ശിക്കാരിപുരയിലെ പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം യെദ്യൂരപ്പ അനുയായികളോട് പറഞ്ഞു. അടുത്തമാസം 11ന് ബിജെപിയുടെ പ്രാഥമിക അംഗത്വം യെദ്യൂരപ്പ സ്വീകരിക്കും. ജനുവരി 18ന് ദാവങ്കരെയില്‍ ദേശീയ നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ കെജെപി ബിജെപിയില്‍ ലയിക്കുമെന്നാണ് സൂചന.
കര്‍ണാടകത്തില്‍ താന്‍ വളര്‍ത്തിക്കൊണ്ടുവന്ന പാര്‍ട്ടി തന്റെ അസാന്നിദ്ധ്യത്തില്‍ ഏറെ പ്രതിസന്ധികള്‍ നേരിട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായത് കെജെപി ബിജെപിക്കെതിരെ മത്സരിച്ചതുകൊണ്ടാണ്. ബിജെപി ദേശീയ അധ്യക്ഷനായ രാജ്നാഥ് സിംഗും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിയിലേക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ടു. ബിജെപിയുടെയും സംഘപരിവാറിന്റെയും പിന്തുണകൊണ്ടുമാത്രമാണു മുഖ്യമന്ത്രിപദമുള്‍പ്പെടെ എല്ലാനേട്ടങ്ങളും ഉണ്ടാക്കാനായത്. അതിനാല്‍ നിരുപാധികമായാണ് മാതൃസംഘടനയിലേക്കുള്ള മടങ്ങിവരവെന്ന് യെദ്യൂരപ്പ പറഞ്ഞു.