ഉത്തര്‍പ്രദേശിലെ ജസ്വന്ത് നഗര്‍ പൊലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ ഇറ്റാവയില്‍ പൊലിസുകാര്‍ മോഷണക്കുറ്റം ആരോപിച്ച് ഒരു ആറു വയസ്സുകാരിയെ തല്ലിച്ചതച്ചു. പീഡനം ക്യാമറയില്‍ പകര്‍ത്തിയതിനെ തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എഡിജിപി ബ്രിജ്ലാല് വ്യക്തമാക്കി.
മോഷണക്കുറ്റം ആരോപിച്ച കോമള്‍ കത്തേരിയ എന്ന ആറ് വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതും തലമുടിയും ചെവിയും പിടിച്ച് വലിക്കുന്നതും ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.
കോമള്‍ അടുത്തുള്ള മാര്‍ക്കറ്റില്‍ സാധനം വാങ്ങാനായാണ് വീട്ടില്‍ നിന്ന് പോയതെന്ന് മാതാപിതാക്കള്‍ പറയുന്നു. കോമളിന്റെ കൈവശമുള്ള പണം അതേ പ്രായത്തിലുള്ള മറ്റൊരു കുട്ടി തട്ടിയെടുത്തു. പിന്നീട്, കോമളിന്റെ കൈവശമുള്ള പണം തട്ടിയെടുത്ത കുട്ടിയുടെ 250 രൂപ കോമള്‍ മോഷ്ടിച്ചു എന്ന കള്ളക്കഥ പ്രചരിപ്പിച്ചാണ് കുട്ടിയെ പീഡന വിധേയയാക്കിയതെന്ന് മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു.
പരാതിയെ തുടര്‍ന്ന് സത്യാപാല്‍ ശര്‍മ്മ എന്ന ഇന്‍സ്പെക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായും സബ് ഇന്‍സ്പെക്ടര്‍ ചന്ദ്രപാല്‍ സിംഗിനെ സസ്പെന്‍ഡ് ചെയ്തതായും ഡിജിപി വ്യക്തമാക്കി. സംഭവം കണ്ടുനിന്ന പൊലീസുകാര്‍ക്കെതിരെയും നടപടി സ്വീകരിച്ചേക്കും.