യുഎന്‍: ഇന്ത്യയെ ബ്രിട്ടനും ഫ്രാന്‍സും പിന്തുണച്ചു

ടൊറന്റോ| WEBDUNIA| Last Modified ഞായര്‍, 27 ജൂണ്‍ 2010 (12:31 IST)
യുഎന്‍ സുരക്ഷാ സമിതിയിലെ സ്ഥിരാംഗത്വത്തിന് ഇന്ത്യയ്ക്ക് ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പിന്തുണ. ജി-20 സമ്മേളനത്തിനിടെ പ്രധാനമന്ത്രി മന്മോഹന്‍ സിംഗും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ഫ്രാന്‍സ് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളുടെയും പിന്തുണ ഉറപ്പായത്.

കാമറൂണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് സിംഗുമായി കൂടിക്കാഴ്ച നടത്തുന്നത്. കാമറൂണിന്റെ വിജയത്തില്‍ അഭിനന്ദനം രേഖപ്പെടുത്തിയ സിംഗ് അദ്ദേഹത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച കാമറൂണ്‍ അടുത്ത ജൂലൈയില്‍ സന്ദര്‍ശിക്കുമെന്നാണ് സൂചന.

പ്രതിപക്ഷ നേതാവായിരിക്കെ 2006 ല്‍ കാമറൂണ്‍ ഇന്ത്യാ സന്ദര്‍ശനം നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ 13 ബില്യന്‍ ഡോളറിന്റെ വ്യാപാര ബന്ധമാണുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം നടത്തുന്ന നാലാമത്തെ രാജ്യമാണ് ബ്രിട്ടന്‍.

ഫ്രാന്‍സ് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുമായും സൌഹാര്‍ദ്ദപരമായ കൂടിക്കാഴ്ച നടത്തിയ സിംഗ് സര്‍ക്കോസിയെയും ഭാര്യ കാര്‍ല ബ്രൂണിയെയും വീണ്ടും ഒരു ഇന്ത്യാ സന്ദര്‍ശനം നടത്താന്‍ ക്ഷണിച്ചു. നേരത്തെ, 2008 ല്‍ ആണ് സര്‍ക്കോസി ഇന്ത്യാ സന്ദര്‍ശനം നടത്തിയത്.

ജി-20 ല്‍ മാത്രമല്ല യുഎന്നിലും ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ആഗോള തലത്തില്‍ ഇന്ത്യയുടെ സജീവ സാന്നിധ്യം ആവശ്യമാണെന്ന് സര്‍ക്കോസി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :