ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ സ്ഥാനമേറ്റേക്കുമെന്ന് റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രിയായി ഷിബു സോറന്റെ മകന് ഹേമന്ദ് സോറന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് ബിജെപിയുടെ തീരുമാനം ഇന്നുണ്ടാവുമെന്നാണ് സൂചന. 18 ജെഎംഎം എംഎല്‍എമാരുടെയും പിന്തുണ ഉറപ്പാക്കിയ ശേഷമായിരിക്കും ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിനു ശ്രമിക്കുക.
ബിജെപി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ഷിബു സോറനും മകന് ഹേമന്ത് സോറനുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍, മുഖ്യമന്ത്രി ഗോത്രവര്ഗ്ഗക്കാരനായിരിക്കണമെന്ന നിബന്ധനയും ഹേമന്ത് മുന്നോട്ടുവച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി പദം ഹേമന്തിന് നല്‍കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നാണ് ബിജെപി കരുതുന്നത്.
പാര്‍ലമെന്റില്‍ ഖണ്ഡന പ്രമേയം അവതരിപ്പിച്ചപ്പോള്‍ സോറന് യുപിഎ സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാട് എടുത്തതാണ് ബിജെപി-ജെഎംഎം ബന്ധം വഷളാവാന്‍ കാരണമായത്.