കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുടെ ഭാവി അന്വേഷണ റിപ്പോര്‍ട്ടുകളുടെ തുലാസ്സില്‍. ഭൂമി തട്ടിപ്പ് ആരോപണത്തെ കുറിച്ച് നടന്നുവരുന്ന അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട് വന്നശേഷമായിരിക്കും യദ്യൂരപ്പയ്ക്ക് എതിരെ നടപടി സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക എന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.
യദ്യൂരപ്പയ്ക്ക് എതിരെ പാര്‍ട്ടി, ജുഡീഷ്യല്‍, ഓംബുഡ്സ്മാന്‍ തലങ്ങളിലാണ് അന്വേഷണം നടക്കുന്നത്. ഒരു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് വരുമെന്നും അതിനുശേഷം നടപടിയെ കുറിച്ചുള്ള അന്തിമ തീരുമാനമെടുക്കും എന്നും പാര്‍ട്ടി വക്താവ് പ്രകാശ് ജാവദേക്കര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്താനെത്തിയ യദ്യൂരപ്പ നാട്ടിലേക്ക് മടങ്ങി. കര്‍ണാടക ഗര്‍വര്‍ണറെ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച രാഷ്ട്രപതിയെ സന്ദര്‍ശിക്കുന്ന സംഘത്തില്‍ യദ്യൂരപ്പ ഉണ്ടാവില്ല. പാര്‍ട്ടി നേതൃത്വത്തില്‍ യദ്യൂരപ്പ മുഖ്യമന്ത്രിയായി തുടരുന്നതിനെതിരെ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് യദ്യൂരപ്പയുടെ മടക്കം നല്‍കുന്ന സന്ദേശം. യദ്യൂരപ്പ മടങ്ങിയതും അദ്ദേഹം ഭൂമി ഇടപാടില്‍ കാട്ടിയത് അധാര്‍മ്മികതയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പറഞ്ഞതും ചേര്‍ത്ത് വായിക്കുമ്പോള്‍ കര്‍ണാടക മുഖ്യന്റെ സ്ഥാനത്തിന് അത്ര ഉറപ്പുള്ളതായി കരുനാനാവില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്‌റ്റ്‌ലിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും കര്‍ണാടക എംപിമാരും അടങ്ങുന്ന സംഘമാണ് രാഷ്ട്രപതിയെ സന്ദര്‍ശിക്കുക.