അനുവാദംകൂടാതെ തന്റെ മൊബൈല്‍ ഉപയോഗിച്ചതില്‍ രോഷാകുലനായ മകന് പിതാവിനെ ചുറ്റിക ഉപയോഗിച്ച് അടിച്ചുകൊന്നു. പശ്ചിമബംഗാളിലെ ബുര്ദ്വാന് ജില്ലയിലെ ഖൊരിനാന് ഗ്രാമത്തിലാണ് സംഭവം നടന്നത്.
കരാര്‍ തൊഴിലാളിയായ ഖേജ്മത് ഷേക്കാണ് കൌമാരക്കാരനായ മകന് മന്‍സൂര്‍ ഷേക്കിന്റെ അടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച മന്‍സൂറിന്റെ മൊബൈലില്‍ നിന്നും ഖേജ്മത് ഒരു കോള്‍ വിളിച്ചതാണ് കൊലപാതകത്തിനു കാരണമായതെന്ന് സമീപവാസികള്‍ പറയുന്നു.
മന്‍സൂര്‍ വീട്ടില്‍ ഇല്ലായിരുന്നപ്പോഴാണ് ഖേജ്മത് മകന്റെ ഫോണില്‍ നിന്ന് കോള്‍ ചെയ്തത്. വീട്ടില്‍ മടങ്ങിയെത്തിയ മകന് ഇക്കാര്യമറിഞ്ഞ് പിതാവിനെ ചോദ്യം ചെയ്തു. വാക്കേറ്റം കടുത്തപ്പോല് പിതാവ് മകനെ തല്ലി. ഈ സമയം ഒരു ചുറ്റിക കൈക്കലാക്കിയ മകന് പിതാവിന്റെ തലയില്‍ അതുപയോഗിച്ച് തുടര്‍ച്ചയായി പ്രഹരമേല്‍പ്പിക്കുകയായിരുന്നു.
അബോധാവസ്ഥയിലായ ഖേജ്മത്തിനെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു എന്ന് പൊലീസ് അധികൃതര്‍ പറയുന്നു. ഖേജ്മത്തിന്റെ ഭാര്യയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യാനായി മന്‍സൂറിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.