മുംബൈ നഗരത്തെ മൂന്ന് ദിവസത്തോളം മുള്‍മുനയില്‍ നിര്‍ത്തിയ ഭീകരാക്രമണത്തില്‍ 195 ആളുകള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വിശദീകരണം. ആക്രമണത്തില്‍ 300 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മരിച്ചവരില്‍ 15 പേര് വിദേശികളാണ്.
സ്ഫോടനങ്ങള്‍ക്കും വെടിവയ്പിനുമിടയില് എന്‍എസ്ജി കമാന്‍ഡോകള്‍ താജ് ഹോട്ടലില്‍ നടത്തിയ ഓപ്പറേഷന് സൈക്ലോണില്‍ അവസാന ഭീകരനെയും വെടിവച്ചിട്ടു. ഭീകരരോ ബന്ദികളോ അവശേഷിച്ചിട്ടുണ്ടോ എന്നറിയാന്‍ 565 മുറികളുള്ള താജിലെ എല്ലായിടവും എന്‍എസ്ജി പരിശോധിക്കുകയാണ്.
താജില്‍ മൂന്ന് ഭീകരരെ വെടിവച്ചിട്ടതായി എന്‍എസ്ജി ഡയറക്ടര്‍ ജെ കെ ദത്ത മാധ്യമങ്ങളെ അറിയിച്ചു. ഭീകരമായ വെടിവയ്പായിരുന്നു കഴിഞ്ഞ രാത്രിയില്‍ ഉണ്ടായതെന്ന് ദത്ത വിശദീകരിച്ചു. ഭീകരര്‍ എ കെ-47 തോക്കും ഗ്രനേഡുകളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചാണ് ചെറുത്തു നിന്നത്.
62 മണിക്കൂര്‍ നീണ്ട സൈനിക നടപടിയുടെ അവസാന ഘട്ടത്തില്‍ ഭീകരര്‍ താജിന്റെ താഴത്തെ നിലയിലും ഒന്നാം നിലയിലും തീവച്ചിരുന്നു. ഇപ്പോള്‍, താജില്‍ ഭീകരരൊന്നും അവശേഷിക്കുന്നില്ല എന്ന് ദത്ത വ്യക്തമാക്കി.
സൈനിക നടപടി കഴിഞ്ഞു എന്നും എല്ലാ ഭീകരരെയും വധിച്ചു എന്നും മുംബൈ സിറ്റി പൊലീസ് കമ്മീഷണര്‍ ഹസന് ഗഫൂറും വെളിപ്പെടുത്തിയിട്ടുണ്ട്.