മുംബൈ ഭീകരാക്രാമണത്തെ കുറിച്ച് ഇന്ത്യ കൈമാറിയ തെളിവുകള്‍ക്ക് പാകിസ്ഥാന് നല്കിയ പ്രതികരണത്തെ കുറിച്ച് വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജി വെള്ളിയാഴ്ച പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയേക്കും. പാകിസ്ഥാന്റെ പ്രതികരണം വസ്തുനിഷ്ഠപരമാണെന്നും അതിനാല്‍ ആക്രമണത്തെ കുറിച്ച് പാകിസ്ഥാന്റെ ചോദ്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ വിവരങ്ങള്‍ കൈമാറുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പാകിസ്ഥാന്റെ പ്രതികരണം ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സത്യബ്രത പാലിന് കൈമാറിയ ഉടന്‍ പ്രണാബ് മുഖര്‍ജിയും മുതിര്‍ന്ന മന്ത്രിമാരായ പി ചിദംബരവും എ കെ ആന്റണിയും തമ്മില്‍ ഇതെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന പ്രധാനമന്ത്രി മന്മോഹന് സിംഗിനെയും വിവരങ്ങള്‍ ധരിപ്പിച്ചു എന്നാണ് സൂചന.
മുംബൈ ആക്രമണത്തിനുള്ള ഗൂഡാലോചന ഭാഗികമായി നടന്നത് സ്വന്തം രാജ്യത്താണെന്ന് പാകിസ്ഥാന് സമ്മതിച്ചത് നല്ല സൂചനയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു. പാകിസ്ഥാന്റെ മറുപടിയില്‍ ധാരാളം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നും ഇതിനുള്ള മറുപടി വിവിധ വകുപ്പുകളുമായി കൂടി ആലോചിച്ച ശേഷം നല്‍കുമെന്നും ചിദംബരം പറഞ്ഞു.
പാകിസ്ഥാന് അന്വേഷണം തുടരുകയാണെന്നും പ്രാഥമിക വിവരങ്ങള്‍ അടിസ്ഥാനമാക്കി ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും വിദേശകാര്യമന്ത്രാലയം വെളിപ്പെടുത്തി. പാകിസ്ഥാന്റെ ആവശ്യപ്പെട്ട കൂടുതല്‍ വിവരങ്ങളെ കുറിച്ച് പരിശോധന നടത്തിയ ശേഷം എന്തൊക്കെ സഹായങ്ങള്‍ നല്‍കാനാവും എന്ന് തീരുമാനിക്കും എന്നും വിദേശകാര്യമന്ത്രാലയം വക്താക്കള്‍ പറഞ്ഞു.
ന്യൂഡല്‍ഹി|
PRATHAPA CHANDRAN|
Last Modified വെള്ളി, 13 ഫെബ്രുവരി 2009 (08:49 IST)