മുംബൈയില്‍ 53കാരി മരിച്ചു, കൊന്നത് പ്രാവുകളാണെന്ന് മകന്‍ !

Naitik Zota, Jayshri, breathlessness, pigeons, kabutarkhana, ജയശ്രീ, പ്രാവുകള്‍, പ്രാക്കൂട്ടം, മുംബൈ, ശ്വാസകോശം, ശ്വാസംമുട്ടല്‍
മുംബൈ| BIJU| Last Modified ചൊവ്വ, 6 ജൂണ്‍ 2017 (17:55 IST)
നിങ്ങളുടെ വീടിന്‍റെ പരിസരത്ത് പ്രാവുകള്‍ കൂടുകൂട്ടിയിട്ടുണ്ടോ? കൂട്ടം കൂടാറുണ്ടോ? പ്രാവിന്‍ കാഷ്ഠം നിറഞ്ഞുകിടക്കുന്ന പരിസരത്താണോ നിങ്ങള്‍ ജീവിക്കുന്നത്? എങ്കില്‍ വളരെയേറെ സൂക്ഷിക്കണം.

മുംബൈയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സംഭവം അതാണ് പറയുന്നത്. ജയശ്രീ എന്ന 53കാരിയുടെ മരണത്തിന് കാരണം പ്രാവുകളാണത്രേ. ജയശ്രീയുടെ മകന്‍ ഉള്‍പ്പടെയുള്ളവര്‍ ഈ ആരോപണം ഉന്നയിക്കുന്നു. ഡോക്ടര്‍ അത് ശരിവയ്ക്കുന്നു.

ശ്വാസം‌മുട്ടല്‍ കാരണം ബുദ്ധിമുട്ടിയിരുന്ന ജയശ്രീയെ മകന്‍ നൈതിക് കഴിഞ്ഞ വര്‍ഷം ഡോക്ടറെ കാണിച്ചിരുന്നു. പരിശോധിച്ച ശേഷം ഡോക്ടര്‍ നൈതികിനോട് ചോദിച്ചത് വീടിനടുത്ത് പ്രാവുകള്‍ കൂട്ടം കൂടിയിരിക്കാറുണ്ടോ എന്നാണ്. വീട്ടിലെ വാതിലിനടുത്തുതന്നെ അവയുടെ സാന്നിധ്യമുണ്ടെന്ന് മകന്‍ അറിയിച്ചപ്പോള്‍ എല്ലാ ജനാലകളിലും വാതിലുകളിലും വല അടിച്ച് സുരക്ഷിതമാക്കാന്‍ ഡോക്ടര്‍ ഉപദേശിച്ചു.

എന്നാല്‍ വൈകിപ്പോയിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് ശേഷം ശ്വാസകോശത്തിലുണ്ടായ അണുബാധമൂലം ജയശ്രീ മരിച്ചു. പ്രാവിന്‍ കാഷ്ഠത്തില്‍ നിന്നുള്ള മാരകമായ ഫംഗസ് ബാധയാണ് ജയശ്രീയുടെ മരണത്തിന് കാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്.

മുംബൈയില്‍ ബോറിവ്‌ലി ഈസ്റ്റിലെ നീല്‍‌കമല്‍ കോര്‍പറേറ്റീവ് സൊസൈറ്റിയിലാണ് ജയശ്രീ താമസിച്ചിരുന്നത്. ഇവിടത്തെ ഒട്ടേറെ താമസക്കാര്‍ ഇപ്പോള്‍ രോഗബാധിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വീടുകള്‍ക്ക് സമീപമെത്തുന്ന പ്രാവുകളാണ് ഇവര്‍ക്കൊക്കെ ശ്വാസം‌മുട്ടലിനും ആസ്ത്മയ്ക്കും ശ്വാസകോശ രോഗങ്ങള്‍ക്കും കാരണമായിരിക്കുന്നത് എന്നാണ് ആരോപണം. ഈ പ്രാക്കൂട്ടം രോഗം പരത്തുന്നതിനെതിരെ താമസക്കാര്‍ ബി എം സിയിലെ ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്‍റിന് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാവുകള്‍ക്ക് തീറ്റനല്‍കുന്നത് പതിവാക്കിയ ഇടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇത്തരം പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

“പ്രാവുകള്‍ കൂട്ടമായെത്തുന്ന ഇടങ്ങളില്‍ ചിലരില്‍ ശ്വാസകോശം അതീവ ഗുരുതരമായ രോഗാവസ്ഥയിലേക്ക് നീങ്ങുന്നു. ജയശ്രീക്ക് സംഭവിച്ചത് അതാണ്. ശ്വാസകോശത്തിലേക്കും പുറത്തേക്കുമുള്ള വായുഗതിയെ ഇത് ബാധിക്കുന്നു. എല്ലാ വര്‍ഷവും ഇത്തരം അനവധി കേസുകള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നുണ്ട്” - ജയശ്രീയെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നു.

തന്‍റെ മാതാവിനെ പ്രാവുകളാണ് കൊന്നതെന്ന് മകന്‍ നൈതിക് ആരോപിക്കുന്നു. പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് ചിലര്‍ വിശുദ്ധകര്‍മ്മമായി കാണുന്നു. യഥാര്‍ത്ഥത്തില്‍ മുംബൈയില്‍ പലയിടത്തും ഇത് നിരോധിച്ചതാണ്. എന്നാല്‍ പലരും ഈ രീതി ഇപ്പോഴും തുടരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :