മാധവന്‍ നായരുടെ വിലക്ക്; പ്രതിഷേധം ശക്തമാക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരെ സര്‍ക്കാര്‍ നിയമനങ്ങളില്‍ നിന്ന് വിലക്കിയതിനെതിരെ ശാസ്ത്രലോകത്ത് വന്‍ പ്രതിഷേധം. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശകസമിതി തലവന്‍ സി എന്‍ ആര്‍ റാവു, ആറ്റോമിക് എനര്‍ജി മുന്‍ തലവന്‍ അനില്‍ കകോദ്കര്‍, സിഎസ്‌ഐആര്‍ മുന്‍ തലവന്‍ ആര്‍എ മഷേല്‍ക്കര്‍, തുടങ്ങിയവരെല്ലാം വിലക്കിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. മാധവന്‍ നായരെ വിലക്കിയത് ചര്‍ച്ച ചെയ്യാന്‍ ശാസ്ത്ര ഉപദേശക സമിതി യോഗം ചേരും എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മാധവന്‍ നായര്‍ ആരോപിച്ചു‍. തനിക്കെതിരായ നടപടിക്ക് പിന്നില്‍ നിലവിലെ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വ്യക്തിപരമായ താത്പര്യങ്ങള്‍ക്കായി കെ രാധാകൃഷ്ണന്‍ സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും മാധവന്‍ നായര്‍ ആരോപിച്ചു.

സ്‌പെക്ട്രവും ട്രാന്‍സ്‌പോന്‍ഡറും വ്യത്യസ്തമായ കാര്യങ്ങളാണ്. എന്നാല്‍ ഇവ കൂട്ടിക്കുഴയ്ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. കരാറില്‍ അസ്വാഭാവികത ഒന്നു ഇല്ലെന്നും മാധവന്‍ നായര്‍ വിശദീകരിച്ചു.

ഐ എസ് ആര്‍ ഒ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷന്‍ ദേവാസ് മള്‍ട്ടിമീഡിയ കമ്പനിക്ക് എസ് ബാന്റ് സ്പെക്ട്രം കരാര്‍ അനുവദിച്ചതില്‍ അഴിമതി നടന്നു എന്ന ആരോപണങ്ങളെ തുടര്‍ന്ന് മാധവന്‍ നായരെ സര്‍ക്കാര്‍ നിയമനങ്ങളില്‍ നിന്ന് വിലക്കിയിരിക്കുകയാണ്. നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്നതുമായ സര്‍ക്കാര്‍ നിയമനങ്ങളില്‍ നിന്ന് വിലക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. അദ്ദേഹത്തിന് പുറമെ ഐ എസ് ആര്‍ ഒയിലെ മുന്‍ സെക്രട്ടറി എ ഭാസ്‌കരനാരായണ, ആന്‍ട്രിക്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ കെ ആര്‍ സിദ്ധമൂര്‍ത്തി, ഐ എസ് ആര്‍ ഒ സാറ്റലൈറ്റ് സെന്റര്‍ മുന്‍ ഡയറക്ടര്‍ കെ എന്‍ ശങ്കര എന്നിവരെയും വിലക്കിയിട്ടുണ്ട്.

നിലവില്‍ പട്‌ന ഐ ഐ ടി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍മാനാണ് മാധവന്‍ നായര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :