തമിഴ് സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ച മലയാള നടന്‍ ജയറാമിന് മാപ്പും ജയറാമിനെതിരെ പ്രതിഷേധിച്ച ‘നാം തമിഴര്‍’ പ്രവര്‍ത്തകര്‍ക്ക് പൊലീസ് കേസും എന്ന കരുണാനിധിയുടെ നയം അപഹാസ്യമാണെന്ന് ‘നാം തമിഴര്‍’ സംഘടനയുടെ നേതാവും സംവിധായകനുമായ സീമാന്‍. അക്രമം നടത്താന്‍ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് സീമാനെതിരെ ചെന്നൈയിലെ വല്‍സരവാക്കം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കരുണാനിധിക്കെതിരെ സീമാന്‍ ആഞ്ഞടിച്ചത്.
സീമാന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ -
“ധൈര്യവും അറിവുമുള്ള തമിഴ് സ്ത്രീകളെ ‘തടിച്ച എരുമ’ എന്ന് മലയാള നടന്‍ ജയറാം വിളിക്കുകയുണ്ടായി. ഇത് മൊത്തത്തിലുള്ള തമിഴ് ജനതയുടെ വികാരങ്ങളെ വൃണപ്പെടുത്തിയിരിക്കുകയാണ്. ജയറാം നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധിച്ച പന്ത്രണ്ട് ‘നാം തമിഴര്‍’ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.”
“ഇതിനിടയില്‍, അക്രമം നടത്താന്‍ പ്രേരിപ്പിച്ചു എന്നും പറഞ്ഞ് എനിക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ചെന്നൈയില്‍ നടന്ന അക്രമത്തിന് കാരണമായത് ഞാനാണോ അതോ ജയറാമാണോ? ഇതിന്റെ ഉത്തരം എല്ലാവര്‍ക്കും അറിയാം. തമിഴ് സ്ത്രീയായ വീട്ടുജോലിക്കാരിയെ ‘തടിച്ച എരുമ’ എന്ന് വിളിച്ച് അപമാനിച്ചപ്പോള്‍ പ്രതിഷേധം ഉയര്‍ന്നു എന്നത് സത്യമാണ്. വീടിന് നേരെ ആക്രമണം ഉണ്ടായപ്പോള്‍ ജയറാം മാപ്പും പറഞ്ഞു.”
“ആത്മാഭിമാനമുള്ള തമിഴര്‍ പ്രതിഷേധിച്ചില്ലെങ്കില്‍ ‘തടിച്ച എരുമ’ എന്ന പ്രയോഗം നാളെ ചരിത്രമാകും. ‘നാം തമിഴര്‍’ സംഘടന നടത്തിയ പ്രതിഷേധപ്രകടനങ്ങള്‍ കണ്ടാണ് ജയറാം മാപ്പുപറഞ്ഞത്. ഞങ്ങള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നില്ലെങ്കില്‍ ജയറാം മാപ്പ് പറയില്ലായിരുന്നു.”
“ക്ഷമ ചോദിച്ച സ്ഥിതിക്ക് ജയറാമിന് മാപ്പുനല്‍കാമെന്ന് മുഖ്യമന്ത്രി കരുണാനിധി പറയുന്നു. എങ്ങിനെയാണെങ്കില്‍ തമിഴ്നാട്ടിലെ ജയിലുകളില്‍ കഴിയുന്ന എല്ലാ കുറ്റവാളികളെയും കരുണാനിധി തുറന്നുവിടണം. കാരണം, എല്ലാവരും ക്ഷമ ചോദിക്കാന്‍ തയ്യാറാണ്. ജയറാമിനെതിരെ കേസെടുക്കണം എന്നാണ് ‘നാം തമിഴര്‍’ സംഘടനയുടെ ആവശ്യം. തെറ്റു ചെയ്ത മലയാള നടന് മാപ്പും പ്രതിഷേധിച്ച തമിഴ് സംവിധായകന് തല്ലും എന്ന കരുണാനിധിയുടെ രീതി അപഹാസ്യമാണ്.”