സജിത്ത്|
Last Modified ചൊവ്വ, 4 ജൂലൈ 2017 (16:00 IST)
മദ്യശാല നിരോധനത്തില്‍ നിന്നൊഴിവാക്കാന്‍ നഗരത്തിനകത്തുള്ള റോഡുകളെ പുനര്‍വിജ്ഞാപനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി. ദേശീയ പാതകളിലൂടെ ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ മദ്യപിക്കാതിരിക്കുന്നതിനാണ് പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ചതിലൂടെ ലക്ഷ്യമിട്ടതെന്നും കോടതി വ്യക്തമാക്കി.
ദേശീയ പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ച സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ചണ്ഡീഗഡ് ഭരണകൂടം സംസ്ഥാന-ദേശീയ പാതകള്‍ പുനര്‍വിജ്ഞാപനം ചെയ്തുവെന്ന് കാണിച്ച് ഒരു സന്നദ്ധ സംഘടന കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് മദ്യശാല നിരോധനത്തില്‍ നിന്നൊഴിവാക്കാന്‍ നഗരത്തിനുള്ളിലെ റോഡുകളെ പുനര്‍വിജ്ഞാപനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി പറഞ്ഞത്.
റോഡുകള്‍ പുനര്‍വിജ്ഞാപനം ചെയ്യുന്നതില്‍ വിവേചന ബുദ്ധികാണിക്കണമെന്നും കോടതി പറഞ്ഞു. പഞ്ചാബ് - ഹരിയാന ഹൈക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സംഘടന സുപ്രീം കോടതിയെ സമീപിച്ചത്. കേസ് തുടര്‍ വാദത്തിനായി അടുത്ത ആഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. സുപ്രീം കോടതി വിധി മറികടക്കാന്‍ ചണ്ഡീഗഡ് ഭരണകൂടം റോഡുകള്‍ പുനര്‍വിജ്ഞാപനം ചെയ്തിരുന്നു.