ബോംബെ ജയശ്രീയ്ക്ക് ഓസ്‌കാര്‍ നോമിനേഷന്‍. 'ലൈഫ് ഓഫ് പൈ' എന്ന ചിത്രത്തിലെ ഗാനരചനയ്ക്കാണ് ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ജയശ്രീയ്ക്ക് നോമിനേഷന്‍ ലഭിച്ചത്. ഒരു തമിഴ് ഗാനമാണ് ജയശ്രീ ഈ ചിത്രത്തില്‍ രചിച്ചത്.
ആങ് ലീ സംവിധാനം ചെയ്ത ലൈഫ് ഓഫ് പൈ 11 നോമിനേഷനുകളാണ് നേടിയത്. സംവിധാനം, ക്യാമറ, എഡിറ്റിംഗ് എന്നിങ്ങനെ ഏറ്റവും പ്രധാന വിഭാഗങ്ങളിലാണ് ലൈഫ് ഓഫ് പൈക്ക് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് സംവിധാനം ചെയ്ത 'ലിങ്കണ്‍' 12 നോമിനേഷനുകള്‍ നേടി.
“ദൈവത്തിന്‍റെ കൃപയാണ് ഈ നോമിനേഷന്‍ നേട്ടം. അമ്മ സ്വന്തം കുട്ടിയോട് സംസാരിക്കുന്നതുപോലെ ഒരു ഗാനം വേണമെന്ന് സംവിധായകന്‍ ആങ് ലീ എന്നോട് പറഞ്ഞു. ഞാന്‍ എന്‍റെ കുട്ടിയോട് എങ്ങനെ സംസാരിക്കുന്നോ അതുപോലെ ഒരു പാട്ട് എഴുതിക്കൊടുക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഏത് അമ്മയ്ക്കും സ്വന്തം കുട്ടിക്ക് പാടിക്കൊടുക്കാവുന്ന ഒന്നാണ് ഈ ഗാനം” - ബോംബെ ജയശ്രീ പ്രതികരിച്ചു.
അടുത്തമാസം 24നാണ് ഓസ്കര്‍ പ്രഖ്യാപനമുണ്ടാകുക. ബോംബെ ജയശ്രീയ്ക്ക് നോമിനേഷന്‍ ലഭിച്ചെങ്കിലും കടുത്ത നിരാശയാണ് മലയാളികള്‍ക്ക് ഉണ്ടായിരിക്കുന്നത്. മലയാളത്തിന്‍റെ പ്രതീക്ഷയായിരുന്ന ‘ആകാശത്തിന്‍റെ നിറം’ ഓസ്കര്‍ മത്സരത്തില്‍ നിന്ന് പുറത്തായിരിക്കുകയാണ്.