കൊല്‍ക്കത്തയില്‍ ആംഗ്ലോ ഇന്ത്യന്‍ യുവതിയെ ബലാത്സംഗം ചെയ്തുവെന്നത് കെട്ടിച്ചമച്ച പരാതിയാവാമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മമത ആരോപിച്ചു. സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടിയാണ് കേസ് കെട്ടിച്ചമച്ചതെന്നും സത്യം ഉടന്‍ പുറത്തുവരുമെന്നും മമത കൂട്ടിച്ചേര്‍ത്തു. കേസില്‍ ബംഗാള്‍ മുന്‍ സ്പീക്കറുടെ മകനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഫെബ്രുവരി അഞ്ചിന് രാത്രി രണ്ടുമണിയോടെ, പാര്‍ക്ക് സ്ട്രീറ്റിലെ നൈറ്റ്ക്ലബ്ബില് നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ആംഗ്ലോ ഇന്ത്യന്‍ യുവതിയെ തട്ടിക്കൊണ്ട് പോയത് എന്നാണ് പരാതി. ഓടുന്ന കാറില്‍ അഞ്ചുപേര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തുവെന്നും തുടര്‍ന്ന് കാറില്‍ നിന്ന് പുറത്തെറിഞ്ഞു എന്നും പരാതിയിലുണ്ട്. എന്നാല്‍ സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് യുവതി പരാതി നല്‍കിയത്.
യുവതിയുടെ പരാതിയില്‍ പൊരുത്തക്കേടുകളുണ്ടെന്ന് കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ പറഞ്ഞതായും മമത മാധ്യമങ്ങളോട് പറഞ്ഞു. യുവതിയെ ബലാത്സംഗം ചെയ്തതായി പറയപ്പെടുന്ന ഒരാള്‍ ജനുവരി രണ്ടു മുതല്‍ കാനഡയിലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും മമത ചൂണ്ടിക്കാട്ടി.